മതവിശ്വാസികളായ നിരീശ്വരവാദികൾ

photo_2025-03-08_13-07-49

മതവിശ്വാസികളായ നിരീശ്വരവാദികൾ

അന്താരാഷ്ട്ര കൃഷ്‌ണാവബോധ സമിതിയുടെ സ്ഥാപകാചാര്യനായ എ.സി.ഭക്തിവേദാന്തസ്വാമി പ്രഭുപാദർ ഹൈദ്രാബാദിൽ 18.4.1974 ൽ നൽകിയ പ്രഭാഷണം
▪▪▪▪▪▪▪▪▪▪

സ വൈ പുംസാം പരോ ധർമ്മോ യതോ

ഭക്തിർ അധോക്ഷജേ അഹൈതുക്യപ്രതിഹതാ യയാത്മാ സൂപ്രസീദതി

‘സർവാതിശായിയായ ഭഗവദ്ഭക്തിയുതസേവന പ്രാപ്തിയാണ് സമസ്‌ത മനുഷ്യരാശിയുടെയും പരമധർമം. അത്തരം ഭക്തിയുതസേവനം നിശ്ചയമായും അഹൈതുകവും, നിർവിഘ്‌നവും, ആത്മാവിനെ പൂർണമായും സംതൃപ്‌തമാക്കുന്നതും ആയിരിക്കണം.” (ശ്രീമദ് ഭാഗവതം 1.2.6)

‘ആത്മ സുപ്രാസിഭാതി’ ആത്മ എന്ന്പറയുമ്പോൾ അതിന് ശരീരം, മനസ്സ്, ആത്മാവ് എന്നൊക്കെ അർത്ഥമുണ്ട്. സാധാരണയായി ജനങ്ങൾക്ക് ശാരീരികമായ സംതൃപ്തിയിലാണ് താത്പര്യം. ‘ഇന്ദ്രിയാണി പരാണി അഹൂർ ഇന്ദ്രിയേഭ്യഃ പരം മനഃ (ഭ.ഗീ. 3.42). ശരീരം എന്നാൽ ഇന്ദ്രിയങ്ങൾ എന്നർത്ഥം. താഴ്ന്നതരം ജീവരാശികൾ ശാരീരികതലത്തിൽ നിന്നും ഉദ്ധരിക്കപ്പെടുന്നില്ല. അവയുടെ ചിന്ത ഞാൻ എന്നാൽ ശരീരം എന്നാണ്. എന്നാൽ അറിവ് സ്വായത്തമാക്കി ഉന്നത തലങ്ങളിൽ എത്തുമ്പോൾ ഞാൻ ശരീരമല്ല മറിച്ച് ആത്മാവാണ്’ എന്നറിയുന്നു.

ഇതാണ് യഥാർത്ഥത്തിൽ അറിവ്. അമേരിക്കക്കാരൻ, ഇന്ത്യക്കാരൻ, കറുത്തവൻ, വെളുത്തവൻ എന്ന വിധത്തിൽ ശാരീരികതലത്തിൽ അകപ്പെട്ടിരിക്കുന്നയാൾ ശരിക്കും മൃഗമാണ് എന്നാണ് വേദസാഹിത്യം പറയുന്നത്. ശാസ്ത്രഗ്രന്ഥങ്ങളിൽ പറയുന്നു.

യസ്യാത്മബുദ്ധിഃ കുണപേ ത്രിധാതുക

സ്വധീഃ കളത്രാദിഷു ഭൗമ ഇജ്യധീഃ

യത്തീർത്ഥബുദ്ധിഃ സലിലേ ന കർഹിചിജ്-

ജനേഷ്വഭിജ്ഞേഷു സ ഏവ ഗോഖരഃ

“കഫം, പിത്തം, വായു എന്നിവകൊണ്ടുള്ള ജഡശരീരത്തെ താനായിക്കാണുകയും, ഭാര്യയും കുടുംബവും എന്നെന്നും തൻ്റേതെന്നു വിശ്വസിക്കുകയും മൺവിഗ്രഹത്തെയോ ജന്മസ്ഥലത്തെയോ ആരാദ്ധ്യമെന്നു ചിന്തിക്കുകയും, തീർത്ഥത്തെ വെറും ജലമായിക്കരുതുകയും ചെയ്യുന്ന ഒരുവൻ, നിത്യസത്യമെന്തെന്നറിയുന്ന ജ്ഞാനികളെ അഭേദബുദ്ധിയോടെ കാണാൻപറ്റാത്ത, അവരുമായി ബന്ധപ്പെടുകയോ സന്ദർശിക്കുക പോലുമോ ചെയ്യാത്ത ഒരുവൻ പശുവിനേക്കാളും കഴുതയെക്കാളും ഒട്ടും ഭേദമല്ല.” (ശ്രീമദ് ഭാഗ വതം 10.84.13)

‘ഗോ ഖര’ ‘ഗോ’ എന്ന വാക്കിനർത്ഥം പശുവെന്നും ‘ഖര’ എന്നതിനർത്ഥം കഴുതയെന്നുമാകുന്നു. എല്ലുകളുടെയും, മാംസത്തിൻ്റെയും സഞ്ചിയായ ശരീരത്തെഞാനായി കണക്കാക്കുന്നവർ മൃഗങ്ങൾ എന്നർത്ഥം. ഞാൻ ഹിന്ദുവാണ്, മുസൽമാനാണ് എന്നൊക്കെയുള്ള തരത്തിൽ ചിന്തിക്കുന്നയാളും ഇത്തരക്കാരാണ്.

ഞാൻ ‘ബ്രാഹ്മണനാണ്’ എന്ന് ചിന്തിച്ചാലും അത് ശാരീരകതലത്തിൽ നിന്നും ഉയരുന്നില്ല. ഈയൊരുതലത്തിലും ധർമത്തിന്റെ ഒരു ഏർപ്പാടുണ്ട്. ഈ ഏർപ്പാടുകൾ നിങ്ങളുടേയും, എൻ്റേയും ധർമത്തിൽ നിന്ന് വ്യത്യസ്‌തമാണ്. കാരണം ഞാൻ ഒരു ഹിന്ദു ശരീരവും നിങ്ങൾ ഒരു മുസൽമാൻ ശരീരവും സ്വീകരിച്ചിരിക്കുന്നു. ആയതിനാൽ ഞാൻ കരുതുന്നത് ഞാൻ നിങ്ങളിൽ നിന്നും വ്യത്യസ്തതനാണ് എന്നാണ്. എന്നാൽ ആത്മീയതയുടെ ഉയരങ്ങളിൽ എത്തിക്കഴിഞ്ഞാൽ ഇത്തരം കാഴ്ചപ്പാടുകൾ മാറുന്നതാണ്. ഇത് നമുക്ക് കാണാൻ കഴിയുന്ന ഒരു വസ്‌തുതയാണ്. ഞങ്ങളുടെ കൃഷ്‌ണാവബോധ പ്രസ്ഥാനത്തിൽ എല്ലാ രാജ്യങ്ങളി ൽ നിന്നും, എല്ലാ മതങ്ങളിൽ നിന്നുമുള്ളവർ ഉണ്ട്. എന്നാൽ ഇവരൊക്കെ ഇത്തരം വേർതിരിക്കലിൽ നിന്നു ഏറെ ഉയരത്തിലാണ്. അവരുടെ ചിന്തകളും, സമീപനങ്ങളുമൊക്കെ ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നു. അങ്ങിനെയല്ലായിരുന്നുവെങ്കിൽ ഈ അമേരിക്കക്കാരൊക്കെ ഇവിടെ വന്ന് കൃഷ്ണാവബോധം പ്രചരിപ്പിക്കാനുള്ള ബുദ്ധിമുട്ടുകൾ ഏറ്റെടുക്കുമായിരുന്നില്ല. അവരുടെ രാജ്യങ്ങളിൽ അവർ ആസ്വദിക്കുന്ന സുഖസൗകര്യങ്ങൾ പ്രദാനം ചെയ്യാൻ നമ്മെക്കൊണ്ട് പറ്റുമോ? പിന്നെയെന്തിന് അവർ ഈ പ്രസ്ഥാനത്തിൻ്റെ ഭാഗഭാക്കുകളായി? കാരണം തങ്ങൾ ഈ ശരീരമാണെന്ന ബോധം അവർ വിസ്മരിച്ചിരിക്കുന്നു.

ഞാൻ അമേരിക്കക്കാരനാണ് അല്ലെങ്കിൽ യൂറോപ്പു കാരനാണ് എന്ന അഹങ്കാരം അവർക്ക് ഇപ്പോൾ ഇല്ലതന്നെ. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് അവർ ഒരു തരം മേൽക്കോയ്‌മ പ്രകടിപ്പിച്ചിരുന്നു. കാരണം ഇവർ യൂറോപ്യരായതുകൊണ്ട്. സ്വഭാവികമായും ജനങ്ങൾ ഇത്തരത്തിൽ ചിന്തിക്കുന്നതിന് കാരണം അവരുടെ പദവിയാണ്.

പക്ഷെ ഇവിടെ പറയുന്നു ‘സവൈ പുംസാം പരോ ധർമോ’ യതോ ഭക്തിർ അധോക്ഷജെ’ (ശ്രീ.ഭാ. 1.2.6) ദൈവത്തിൻ്റെ മറ്റൊരു നാമമാണ് ‘അധോക്ഷജൻ’, എന്നത്. ഭൗതികമായ ഇന്ദ്രിയങ്ങൾ കൊണ്ട് മനസ്സിലാക്കാൻ പറ്റാത്ത ആൾ എന്നർത്ഥം. അധകൃത അക്ഷജ ജ്ഞാനം യത്ര’ ‘അക്ഷജ’ എന്നുവച്ചാൽ ഇന്ദ്രിയങ്ങളിലൂടെ നേരിട്ടുള്ള കാര്യഗ്രഹണം എന്നർത്ഥം.

വിദ്യാവിനയസമ്പന്നേ ബ്രാഹ്മണേ ഗവി ഹസ്തിനി

ശുനി ചൈവ ശ്വപാകേ ച പണ്ഡിതാഃ സമദർശിനഃ

“അറിവും വിനയവുമുള്ള ബ്രാഹ്മണനേയും പശുവിനേയും ആനയേയും നായയേയും നായ്‌മാംസം ഭക്ഷിക്കുന്ന ചണ്ഡാളനേയും സമദൃഷ്ടിയോടെയാണ് യഥാർത്ഥ ജ്ഞാനമുള്ളവരായ, വിനയാന്വിതരായ പണ്ഡിതന്മാർ വീക്ഷിക്കുന്നത്.” (ഭ.ഗീ 5.18)

‘പണ്ഡിത’ കാര്യങ്ങൾ നേരാം വണ്ണം മനസ്സിലാക്കിയ ആൾ – സമദർശിനഃ ഒരാൾ ബ്രാഹ്മണനാണ്, വേറൊരു ജീവി പട്ടിയാണ് എന്നതരം വിവേചനം പ്രകടിപ്പിക്കാത്ത ആൾ. ഈ ജീവികളിലൊക്കെ ഭഗവാൻ്റെ സാന്നിധ്യം ഉണ്ട് എന്ന് അയാൾക്കറിയാം.

ആയതിനാൽ ‘യതൊ ഭക്തിർ അധോക്ഷജെ’ ഭൗതികങ്ങളായ ഇന്ദ്രിയങ്ങൾക്കും ഉപരിയായെത്തുമ്പോൾ ഭക്തി ആരംഭിക്കുന്നു. ഭക്തി ഒരു സാധാരണ സംഗതിയല്ല.

ഭഗവദ്‌ഗീതയിൽ പറയുന്നു.

ബ്രഹ്മഭൂതഃ പ്രസന്നാത്മാ ന ശോചതി ന കാംക്ഷതി സമഃ സർവേഷു ഭൂതേഷു മദ്ഭക്തിം ലഭതേ പരാം

“ഈ ആദ്ധ്യാത്മികാവസ്ഥയിൽ എത്തിച്ചേർന്നവൻ, പരബ്രഹ്മസാക്ഷാത്കാരം സിദ്ധിച്ച് പരമാനന്ദമനുഭവിക്കുന്നു. അയാൾക്ക് ദുഃഖമില്ല; ആഗ്രഹങ്ങളില്ല. സർവ്വഭൂതങ്ങളിലും സമഭാവനയാണ് അയാൾക്കുള്ളത്. ഈ നിലയിൽ അയാൾ വിശുദ്ധഭക്തിയോടെ എന്റെ സേവനത്തിൽ മുഴുകുന്നു.” (18.54)

ഭക്തിയുതസേവനം നടത്താൻ ആരാണ് അനുയോജ്യൻ ? ഭക്തിയുടെ സേവനത്തിൽ വ്യാപരിക്കുന്ന ജീവാത്മാവ് ഒരിക്കലും ഭൗതികതലത്തിൽ ആയിരിക്കുകയില്ല. ഇത് നമ്മൾ മനസ്സിലാക്കണം. ‘യതൊ ഭക്തിർ അധോക്ഷജെ അഹൈതുകി അപ്രതിഹതാ’ ഭക്തി ഒരു കച്ചവടമല്ല. ഇക്കാലത്ത് എവിടെപ്പോയാലും കാണാൻ കഴിയുന്ന ഒന്നാണ് കച്ചവടം. എൻ്റെ ഇന്ദ്രിയങ്ങളെ സംതൃപ്തിപ്പെടുത്തിയാൽ ഞാൻ നിന്നെ സ്നേഹിക്കും. ഇതേപോലെ എതിർ പാർട്ടിയും. ഇത്തരത്തിൽ സംഭവിക്കാത്തിടത്തോളം കാലം അവിടെ സ്നേഹമില്ല. ഇതിനെയാണ് കച്ചവടം എന്ന് പറയുന്നത്. എന്നാൽ ഭഗവാന്റെയടുത്ത് ഇത്തരം വ്യാപാരങ്ങൾ അനുവദനീയമല്ല. അതാണ് ‘അഹൈതുകി’ എന്ന വാക്കിനർത്ഥം.

കൃസ്‌ത്യൻ പള്ളികളിൽ പോയി ജനങ്ങൾ അന്നന്നത്തെ അപ്പത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു. ദൈവത്തിനടുത്ത് പോകുന്നു എന്നതുകൊണ്ട് ഇത് ഒരു കണക്കിൽ നല്ലതുതന്നെയാണ്. നിരീശ്വരവാദികൾ ദൈവത്തെക്കുറിച്ച് സംസാരിക്കുവാനെ ഇഷ്ടപ്പെടുന്നില്ല. പിന്നെ ഈശ്വരന്നടുത്തേക്ക് പ്രാർത്ഥിക്കാൻ പോകുന്നതിനെക്കുറിച്ച് എന്ത് പറയാൻ!

പക്ഷെ ഗീതയിൽ പറയുന്നു

ചതുർവിധാ ഭജന്തേ മാം ജനാഃ സുകൃതിനോർജുന
ആർതോ ജിജ്ഞാസുരർഥാർഥീ ജ്ഞാനീ ച ഭരതർഷഭ

“ഹേ ഭരതകുലശ്രേഷ്ഠാ, സുകൃതികളായ നാലു കൂട്ടരാണ് എന്നെ ഭജിക്കുന്നത്; ദുഃഖിതൻ, ധനകാംക്ഷി, ജിജ്ഞാസു, പരമസത്യത്തെ അന്വേഷിക്കുന്ന ജ്ഞാനി.” (ഭ.ഗീ7.16)

നാല് തരം ജനങ്ങൾ ദൈവത്തിനടുത്ത് പോകുന്നു. കഷ്ടപ്പെടുന്നവർ, കാശിന് ആവശ്യമുള്ളവർ, ജ്ഞാനി, ജിഞ്ജാസു എന്നിവർ. ഇവർ ദൈവത്തെ മനസ്സിലാക്കാൻ താത്പര്യം കാണിക്കുന്നു.

എത്രമാത്രം നമ്മൾ പാപികളാകുന്നുവോ അത്രക്കും നമ്മൾ ദൈവത്തിൽ നിന്നും അകലാൻ ഇടയാകുന്നു. എന്തുകൊണ്ടാണ് ഇക്കാലത്ത് ജനങ്ങൾ ഭഗവാനെ മനസ്സിലാക്കാനുള്ള വിഷയത്തിൽ താത്പര്യം പ്രകടിപ്പിക്കാത്തത്? കാരണം അവർ പാപികളായതുകൊണ്ട്. അതുകൊണ്ട് ഭഗവദ്ഗീത പറയുന്നു ‘ചതുർ വിധാ ഭജന്തെ മാം ജനഃ സുകൃതി നോർജുനാ’. ‘സുക തിന’ : ധാർമികമായ പശ്ചാത്തലം ഉള്ളവർ. മറ്റൊരിട്ത്ത് കൃഷ്‌ണൻ പറയുന്നു:

യേഷാം ത്വന്തഗതം പാപം ജനാനാം പൂണ്യകർമണാം

തേ ദ്വന്ദ്വമോഹനിർമുക്താ ഭജന്തേ മാം ദൃഢവ്രതാഃ

“പൂർവ്വജന്മങ്ങളിലും ഈ ജന്മത്തിലും പുണ്യകർമ്മങ്ങൾ ചെയ്‌തിട്ടുള്ളവർ അവരുടെ പാപഫലങ്ങൾ നിർമ്മാർജ്ജനം ചെയ്ത്‌ത്‌ ദ്വന്ദ്വവ്യാമോഹങ്ങളിൽ നിന്ന് വിമുക്തരാകുന്നു. അങ്ങനെ അവർ ദൃഢനിശ്ചയത്തോടെ എൻ്റെ സേവനത്തിൽ മുഴുകും.”(ഭ.ഗീ 7.28)

ഭഗവാന്റെ ഭജന സാധാരണക്കാർക്കുള്ളതല്ല. ഉയർന്ന തലക്കാർക്കായിട്ടുള്ളതാണ്. ആയതിനാൽ ഇവിടെ പറയുന്നു. ‘സവൈ പുംസാം പരോ ധർമോ’ പര, അപര എന്നീ രണ്ടുതരം വാക്കുകൾ ഇവിടെ ഉപയോഗിച്ചിരിക്കുന്നു. ‘പര’ എന്നാൽ ആത്മീയം എന്നും ‘അപര’ എന്നാൽ ഭൗതികവും എന്നർത്ഥം. ഭഗവദ്ഗീതിയിൽ മറ്റൊരിടത്ത് ‘അപരേയം ഇതസ്‌തു അന്യം പ്രകൃതിം വിന്ധിമേ പരം’ എന്നും പറഞ്ഞിരിക്കുന്നു. “ഭൂമിർ, ആപോ, അനലോ വായു (7.4) – ആ ആകാശം, ജലം, ഭൂമി എന്നിവയൊക്കെ ഭൗതികമാണ്. എന്നാൽ ഇതല്ലാതെ ആത്മീയമായവയുമുണ്ട് എന്താണത്? ‘ജീവ ഭൂതാ’ ജീവാത്മാവ് എന്നർത്ഥം. കൃഷ്‌ണനും ആത്മീയമാണ്. ആയതിനാൽ ആത്മീയതയുടെ അടിത്തറയിലൂടെ ഏതൊരുവനും ധർമ്മത്തിൻ്റെ തത്ത്വത്തിൽ എത്തണം.

സ വൈ പുംസാം പരോ ധർമ്മോ യതോ ഭക്തിർ അധോക്ഷജേ

അഹൈതുക്യപ്രതിഹതാ യയാത്മാ സുപ്രസീദതി (.12.6)

ഏത് തരം ധാർമികവിശ്വാസമാണ് നിങ്ങൾ പരിപാലിക്കുന്നത് എന്നതൊരു പ്രശ്ന‌മല്ല. കാരണം ധർമം എന്നാൽ ദൈവത്തിന്റെ അനുശാസനകൾ അനുസരിക്കുക എന്നതാണ്. രാജ്യത്തിൻ്റെ നിയമങ്ങൾക്കനുസരിച്ച് ജീവിക്കുന്ന ഒരാൾ യഥാർത്ഥപൗരനാണ് എന്നത് പോലെ അയാൾ നിയമത്തിനെതിരായി ഒന്നു പ്രവർത്തിക്കില്ല. ഇപ്രകാരം ഒരാൾ ഹിന്ദുവോ, കൃസ്ത്യനോ, മുസൽമാനോ ആരുമായിക്കൊള്ളട്ടെ, അയാൾ പരമപുരുഷന്റെ ഭക്തനാണെങ്കിൽ അതാണ് യഥാർത്ഥ മതം. അതല്ലെങ്കിൽ

ധർമ്മ സ്വനുഷ്ഠിതഃ പുംസാം വിഷ്വക്സേനകഥാസു യാ നോത്പാദയേദ്യതി രതിം ശ്രമ ഏവ ഹി കേവലം
“പരമദിവ്യോത്തമപുരുഷൻ്റെ സന്ദേശങ്ങളെക്കുറിച്ചുള്ള ഉചിതമായ അന്വേഷണങ്ങളെ ഉത്തേജിപ്പിക്കാത്തവയാണ് ഒരാൾ അനുഷ്‌ഠിക്കുന്ന ധർമാനുസൃതമായ കർമങ്ങളെങ്കിൽ, അവയൊക്കെ വെറും ഉപയോഗ ശൂന്യമായ പരിശ്രമങ്ങളാകുന്നു.”(ശ്രീ.ഭാ. 1.2.8)

സാധാരണയായി നമുക്ക് ഭൗതികമായ കാര്യങ്ങളോട് ഒരുതരം സ്നേഹമാണ്. ആദ്യമായി തന്നോട്, പിന്നെ കുടുംബത്തോട്, പിന്നെ സമൂഹത്തോട്, അതിന് ശേഷം രാജ്യത്തോടൊക്കെയായി. എന്നാൽ ഇവയൊക്കെ ശരീരത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. ദൈവത്തോടുള്ള നമ്മുടെ സ്നേഹം അഭിവൃദ്ധിപ്പെടുത്തുന്നതാണ് യഥാർത്ഥ ധർമം എന്ന് പറയുന്നത്. ‘സവൈ പൂംസാം പരോ ധർമോ’ ഫലം എന്തെങ്കിലുമാകട്ടെ, ‘ഫലേന പരിചിയതെ’ ഒരു വ്യാപരി ഏത് തരം വ്യാപാരത്തിൽ ഏർപ്പെട്ടാലും അയാൾ കാശു സമ്പാദിക്കുന്നുണ്ടെങ്കിൽ അയാളെ നല്ലൊരു കച്ചവടക്കാരനായി കണക്കാക്കുന്നു. അതുപോലെ നിങ്ങളുടെ ഭഗവാനോടുള്ള സ്നേഹം അഭിവൃദ്ധിപ്പെടുന്നുണ്ടെങ്കിൽ, ദൈവം എന്നാൽ എന്തെന്ന് നിങ്ങൾക്ക് മനസ്സിലായിക്കഴിഞ്ഞാൽ, ഭഗവാനുമായുള്ള നിങ്ങളുടെ ബന്ധം എന്താണെന്ന് നിങ്ങൾക്ക് മനസ്സിലായെങ്കിൽ, അതുപോലെ ജീവിതത്തിന്റെ ലക്ഷ്യം എന്താണെന്നുള്ള ബോധം ലഭ്യമായാൽ -നിങ്ങളുടെ ജീവിതം വിജയമായി എന്ന് പറയാം.

ആയതിനാൽ ഇവിടെ പറയുന്നു ‘സവൈപുംസാം പരോ ധർമോ യഥോ ഭക്തിർ അധോക്ഷജെ (ശ്രീ.ഭാ. 1.2.6) ‘അധോക്ഷജ’ എന്നു പറഞ്ഞാൽ നമ്മുടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത ഭഗവാൻ എന്നർത്ഥം. ‘അഥ ശ്രീ കൃഷ്‌ണ നാമാദി ന ഭവാത് ഗ്രാഹ്യം ഇന്ദ്രിയ (ചൈ.ച.മധ്യ. 17.136) അപാകതകൾ നിറഞ്ഞ നമ്മുടെ ഇന്ദ്രിയങ്ങൾക്കൊണ്ട് ഹരേകൃഷ്ണ മന്ത്രത്തിൻ്റെ യഥാർത്ഥ അർത്ഥം നമുക്ക് ഗ്രഹിക്കാൻ ആവില്ല. എന്നാൽ ഇതിന്റെ അർത്ഥവ്യാപ്‌തി മനസ്സിലാക്കാതെ തന്നെ നിരന്തരമായി ഈ മന്ത്രം ജപിക്കുകയാണെങ്കിൽ, ക്രമേണ ശുദ്ധീകരിക്കപ്പെട്ട് ഒരു ദിനം ഇതിന്റെ അർത്ഥം നമുക്ക് മനസ്സിലാകുന്നതാണ്. അങ്ങിനെയല്ലെങ്കിൽ കൃഷ്ണനെക്കുറിച്ച് കേൾക്കുകപോലും ചെയ്യാത്ത ഈ അമേരിക്കക്കാരും, യൂറോപ്പുകാരും എല്ലാം ത്യജിച്ച് ഇവിടേക്ക് വരാനുള്ള കാരണം എന്താണ്? ചെറുപ്പക്കാരായ ഇവർക്കൊക്കെ അവരുടെ രാജ്യങ്ങളിൽ യഥേഷ്ടം ഇന്ദ്രിയതൃപ്‌തി കൈവരിക്കാം. എന്നാൽ ഭഗവാന്റെ നാമം അത്രയും ശക്തിമത്താണ്. ഈ പ്രസ്ഥാനം ഞാൻ തുടങ്ങിവെച്ചത് വെറും മന്ത്രജപത്തിലൂടെയാണ്. ആയതിനാൽ തുടർച്ചയായുള്ള ഈ ഹരേ കൃഷ്ണമന്ത്രജപത്തിലൂടെ ദൈവത്തെ കുറിച്ചുള്ള തത്ത്വം മനസ്സിലാക്കാൻ കഴിയുന്നതാണ്. ഇതാണ് കൃ
ഷാവബോധ പ്രസ്ഥാനം.
അതുകൊണ്ട് ഞങ്ങളുടെ അപേക്ഷ ഇതാണ്. ധർമ്മത്തിൻ്റെ അർത്ഥം ഗ്രഹിച്ചുകൊണ്ടുള്ള ഉന്നതമായ തലത്തിൽ നിവസിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ. ഈ കലിയുഗത്തിൽ ഹരേകൃഷ്ണമന്ത്രജപമല്ലാതെ മറ്റു യാതൊരു വഴിയുമില്ല. ഹിന്ദുധർമം, ഇസ്ലാം ധർമം തുടങ്ങി ഏത് ധർമം അനുഷ്ഠിക്കുന്ന ആളായാലും ഇവയൊന്നും യഥാർത്ഥത്തിൽ ഇക്കാലത്ത് പിന്തുടരാൻ സാധ്യമല്ല. ആയതിനാൽ വേദസാഹിത്യങ്ങൾ പറയുന്നു.

ഹരേർ നാമ ഹരേർ നാമ ഹരേർ നാമൈവ കേവലം

കലൗ നാസ്തി ഏവ നാസ്‌തി ഏവ നാസ്തി ഏവ ഗതിർ അന്യഥാ

“കലിയുടെ ഈ യുഗത്തിൽ ആത്മസാക്ഷാത്കാരത്തിന് ഭഗവാൻ ഹരിയുടെ ദിവ്യനാമ കീർത്തനമല്ലാതെ, ദിവ്യനാമ കീർത്തനമല്ലാതെ, ദിവ്യനാമകീർത്തനമല്ലാതെ, മറ്റൊരു മാർഗവുമില്ല, മറ്റൊരു മാർഗവുമില്ല, മറ്റൊരു മാർഗവുമില്ല.” (ചൈ.ച.ആദി 17.21)

ഒരു മതത്തിന്റെയും അനുശാസനങ്ങൾ കൃത്യമായി പാലിക്കാൻ ഇന്ന് ആർക്കും കഴിയില്ല. എന്നാൽ ഈ ഹരേകൃഷ്ണ‌ മന്ത്രജപം നിഷ്പ്രയാസം സാധ്യമാണ്. മുകളിൽ കാണിച്ച ശ്ലോകത്തിൽ മൂന്ന് പ്രാവശ്യം പറഞ്ഞിരിക്കുന്നു. ‘മറ്റു യാതൊരു വഴിയുമില്ല’ എന്ന്. എന്തുകൊണ്ടാണ് ഇത്ര ഊന്നൽ കൊടുത്തിരിക്കുന്നത്! കലിയുഗത്തിൽ ഒരു ചെറിയ സ്വരച്ചേർച്ച സംഭവിച്ചാൽ മതി നമ്മൾ പരസ്‌പരം കലഹിക്കാൻ ഇടയാകുന്നു. ആയതിനാൽ കലൗ നാവ നാവനാവ ഗതിർ അന്യഥാ” ആയതിനാൽ ആത്മീയ വിഷയത്തിൽ അൽപ്പമെങ്കിലും താത്പര്യമുള്ള ഏതൊരാളും ഹരേകൃഷ്‌ണ മന്ത്രം ജപിക്കുന്നത് ശീലമാക്കണം. പലയിടങ്ങളിലും ഇതേക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.

കൃതേ യദ്ധ്യായതോ വിഷ്‌ണും തായാം യജതോ മഖൈഃ

ദ്വാപരേ പരിചര്യായാം കലൗ തത്‌ ഹരികീർത്തനാത്

“സത്യയുഗത്തിൽ വിഷ്ണുവിനെ ധ്യാനിക്കുന്നതിലൂടെയും, ത്രേതായുഗത്തിൽ യജ്ഞങ്ങൾ നിർവഹിക്കുന്നതിലൂടെയും, ദ്വാപരയുഗത്തിൽ ഭഗവാന്റെ പാദപങ്കജങ്ങൾ സേവിക്കുന്നതിലൂടെയും നേടിയിരുന്ന ഫലങ്ങളെല്ലാം കലിയുഗത്തിൽ ഹരേകൃഷ്ണ‌ മഹാമന്ത്രം ജപിക്കുന്നതിലൂടെ മാത്രം നേടാൻ കഴിയുന്നു .”(.. 12.3.52)

സത്യയുഗത്തിൽ എല്ലാവരും ഭക്തരായിരുന്നു. ആയതിനാൽ ധ്യാനം സാധ്യമായിരുന്നു. കൃതേയത് ധ്യായതോ വിഷ്ണും. വിഷ്‌ണുവിനെ ധ്യാനിക്കുക. ത്രേതാ യം യജതൊ മഖൈഃ. ത്രോതായുഗത്തിൽ യജ്ഞങ്ങളായിരുന്നു. വലിയ വലിയ യജ്ഞങ്ങൾ അനുഷ്‌ഠിക്കാൻ ഇക്കാലത്ത് സാധ്യമല്ല. വളരെയേറെ ധാന്യങ്ങൾ, ശുദ്ധമായ നെയ്യ് തുടങ്ങിയവയൊക്കെ ആവശ്യമായ യജ്ഞങ്ങൾക്ക് ഏറെ സാമ്പത്തികസ്ഥിതി ആവശ്യമാണ്. ദ്വാപരെ പരിചര്യായം എന്നുവച്ചാൽ ദ്വപരയുഗത്തിൽ വിഗ്രഹാരാധനയിലൂടെയാണ് ഭഗവാനെ സേവിച്ചിരുന്നത്. രണ്ടായിരവും മൂവ്വായിരവും വർഷം 200 മുള്ള അമ്പലങ്ങൾ ഇന്ത്യയിൽ, വിശേഷിച്ച് ദക്ഷിണേന്ത്യയിൽ, കാണാൻ കഴിയുന്നതാണ്. ഇതും ഈ കലി യുഗത്തിൽ സാധ്യമല്ല. കാരണം, ജനങ്ങൾ അത്രക്കും അധഃപതിച്ചിരിക്കുന്നു. വളരെ ശ്രദ്ധയോടെ, നിരീക്ഷണപാടവത്തോടെ അനുവർത്തിക്കേണ്ടതാണ് വിഗ്രഹാരാധന. എത്രയോ ക്ഷേത്രങ്ങൾ ഇന്ത്യയിൽ പരിപാലിക്കപ്പെടാതെ കിടക്കുന്നു. എന്നാൽ ഇതും ആവശ്യമാണ്. കലോ തത് ഹരി കീർത്തനാത് സത്യുഗയുത്തിൽ ധ്യാനം കൊണ്ട് എന്താണോ കരസ്ഥമാക്കാൻ കഴിഞ്ഞത്, ത്രേതായുഗത്തിൽ യജ്ഞങ്ങൾ കൊണ്ട് പ്രാപ്യമായത് എന്താണോ, അതേപോലെ ദ്വാപരയുഗത്തിൽ വിഗ്രഹാരാധനയിലൂടെ ലഭ്യമായത് എന്താണോ – അത് ഈ കലിയുഗത്തിൽ ഹരികീർത്തനം കൊണ്ട് ലഭ്യമാകുന്നു. അതുകൊണ്ട് നിരന്തരമായി ഹരേ കൃഷ്ണ മഹാ മന്ത്രം ജപിക്കുന്നത് മൂലം ക്രമേണ ഹൃദയം ശുദ്ധീകരിക്കപ്പെടുന്നു. ഹൃദയം മലിനമായതുകൊണ്ടാണ് നമുക്ക് ദൈവത്തെ മനസ്സിലാക്കാൻ കഴിയാത്തത്. ‘തേജോ ദർപ്പണമാർജനം ഭവ മഹാ ദാവാഗ്നി നിർവ്വാപനം’ ഹൃദയം ശുദ്ധീകരിക്കപ്പെട്ടുകഴിഞ്ഞാൽ കാട്ടുതീപോലെ ആളിപ്പടരുന്ന ത്രിവിധ ക്ലേശങ്ങൾക്ക് ശമനം ഉണ്ടാകുന്നു. ത്രിവിധങ്ങളായ ക്ലേശങ്ങളെ കാട്ടുതീയുമായി ഉപമിച്ചിരിക്കുന്നു. കാട്ടുതീ നിർവ്വീര്യമാക്കുക എന്നത് അത്ര എളുപ്പമുള്ള ജോലിയല്ല. ദൈവം വിചാരിച്ചാൽ മാത്രമേ അത് നടക്കുകയുള്ളൂ. ആകാശത്തിൽ നിന്നും മഴയുടെ ഉദ്ഭവം ഉണ്ടാകുമ്പോൾ കാട്ടുതീ അണയുന്നു. ഇതേപോലെ കൃഷ്‌ണകടാക്ഷം സംഭവിക്കുമ്പോൾ ഭൗതികജീവിതത്തിലെ ക്ലേശങ്ങളാകുന്ന കാട്ടുതീ നിർവ്വീര്യമാക്കപ്പെടുന്നു. അതിന് ശേഷം യഥാർത്ഥ ആത്മീയ ജീവിതം ആരംഭിക്കുകയായി. ഭൗതികതയുടെ ആക്രമണത്തിൽ കഴിയുമ്പോൾ ആത്മീയ ജീവിതത്തിന്റെ സാധ്യത ഇല്ലതന്നെ. നമ്മുടേതായ ശ്രമങ്ങൾ കൊണ്ട് ഈ ദുരിതങ്ങളെ അകറ്റി നിർത്താൻ സാധ്യമല്ല. കൃഷ്‌ണൻ്റെ ദയയുടെ ശക്തിയിൽ മാത്രമേ ഇത് സംഭവിക്കുകയുള്ളൂ. ഇതാണ് യഥാർത്ഥ പ്രക്രിയ. സംസാര ദാവാനലലീധലോകാ അതുകൊണ്ട് ആത്മീയ ജീവിതമാണ് യാഥാർത്ഥ്യം – ഭൗതിക ജീവിതമല്ല. ഭൗതിക ജീവിതം നൈമിഷികമാണ്. അതുകൊണ്ട് ഏവരും ഭഗവാൻ്റെ ഭക്തിയുതസേവനത്തിൽ നിലനിൽക്കണം. ഭക്തി ആവശ്യമാണ്. ശാസ്ത്രഗ്രന്ഥങ്ങളിൽ ധാരാളം ഉദാഹരണങ്ങളുണ്ട്. എല്ലാ വേദങ്ങളുടെയും സത്താണ് ഭഗവദ്‌ഗീത. ശ്രദ്ധയോടെ ഗീത വായിക്കണം. യാതൊരു ദുർവ്യാഖ്യാനവുമില്ലാതെ ഞങ്ങൾ ഭഗവദ്ഗീത പ്രസിദ്ധീകരിക്കുന്നുണ്ട്. ദൈവത്തെക്കുറിച്ചുള്ള സത്യം ഭഗവദ്‌ഗീത യഥാരൂപത്തിലൂടെ മനസ്സി ലാക്കിയാൽ നിങ്ങളുടെ ജീവിതം വിജയമാകും.▪