(ഈ വിവരണം ശ്രീല ഭക്തിവിനോദ ഠാക്കൂർ രചിച്ച “ശ്രീചൈതന്യ മഹാപ്രഭു: അദ്ദേഹത്തിൻ്റെ ജീവിതവും ഉപദേശങ്ങളും” എന്ന ഹ്രസ്വഗ്രന്ഥത്തിൽ ആദ്യം പ്രകാശിതമായതാണ്). (ആഗസ്റ്റ് 20, 1896)
ചൈതന്യ മഹാപ്രഭു നാദിയാ പട്ടണത്തിലെ മായാപൂർ എന്ന സ്ഥലത്ത് ക്രിസ്തു വർഷം 1486 ഫെബ്രുവരി 18ന് തുല്യമായ ശതാബ്ദം 1407 ഫാൽഗുനമാസം 23-ാം തീയതി വൈകിട്ട് ഭൂജാതനായി. അദ്ദേഹത്തിന്റെ ജനനസമയത്ത് ചന്ദ്രഗ്രഹണമായിരുന്നു. ആ സമയത്ത്, നാദിയായിലെ ജനങ്ങൾ അത്തരം സന്ദർഭങ്ങളിൽ ചെയ്യാറുള്ളതുപോലെ ഹരിബോൽ എന്നുദ്ഘോഷിച്ചുകൊണ്ട് ഭാഗീരഥിയിൽ സ്നാനം ചെയ്യുകയായിരുന്നു. അദ്ദേഹത്തിൻ്റെ പിതാവ് ഒരു ദരിദ്രനായ വൈദിക ബ്രാഹ്മണനായ ജഗന്നാഥമിശ്രയും മാതാവ് ഒരു മാതൃകാ സദ് വനിതയായ ശചീദേവിയും ആയിരുന്നു. ഇരുവരും മുൻപ് സിൽഹെറ്റിൽ വസിച്ചിരുന്ന ഒരു ബ്രാഹ്മണസമൂഹത്തിന്റെ പിൻതലമുറക്കാരായിരുന്നു. മഹാപ്രഭു ഒരു സുന്ദരനായ ശിശുവായിരുന്നു. ആ പട്ടണത്തിലെ വനിതകൾ ഉപഹാരങ്ങളോടുകൂടി അദ്ദേഹത്തെ കാണാൻ വന്നു. അദ്ദേഹത്തിൻ്റെ മാതാമഹൻ, ഒരു പ്രസിദ്ധജ്യോതിഷിയായ പണ്ഡിതൻ നീലാംബര ചക്രവർത്തി, ആ കുട്ടി കാലാന്തരത്തിൽ ഒരു മഹാപുരുഷനായിത്തീരുമെന്നു പ്രവചിക്കുകയും അതിനാൽ അദ്ദേഹത്തിനു വിശ്വംഭരൻ എന്ന പേരു നൽകുകയും ചെയ്തു. സമീപവാസികളായ സ്ത്രീകൾ അദ്ദേഹത്തിൻ്റെ മുഖത്തിൻ്റെ കനകാഭയെ പുരസ്കരിച്ച് അദ്ദേഹത്തെ ഗൗരഹരി എന്ന് പ്രശംസാപൂർവ്വം വിളിച്ചു. അദ്ദേഹത്തിന്റെ അമ്മയാകട്ടെ, അദ്ദേഹം ജനിച്ച സ്ഥലത്തിനു സമീപമുള്ള ഒരു നിംബവൃക്ഷത്തെ സ്മരിച്ചുകൊണ്ട് അദ്ദേഹത്തെ നിമായ് എന്നും വിളിച്ചു. ആ ശിശു സുന്ദരനായിരുന്നതിനാൽ എല്ലാവരും അദ്ദേഹത്തെ ദിവസവും കാണുവാൻ ഹാർദ്ദവമായി ഇഷ്ടപ്പെട്ടു. വളർന്നുവരുന്നതോടൊപ്പം അദ്ദേഹം ഒരു വിചിത്ര സ്വഭാവിയും കുസൃതിക്കാരനുമായ കുട്ടിയായിത്തീർന്നു. അഞ്ചു വയസ്സുതികഞ്ഞ ശേഷം അദ്ദേഹത്തെ ഒരു പാഠശാലയിൽ ചേർക്കുകയും അവിടെ ചുരുങ്ങിയകാലം കൊണ്ട് അദ്ദേഹം ബംഗാളിഭാഷ പഠിക്കുകയും ചെയ്തു.
ബാല്യകാല ലീലകൾ
അദ്ദേഹത്തിൻ്റെ സമകാലീന ജീവചരിത്രകാരന്മാർ മിക്കവരും ചൈതന്യനെ സംബന്ധിച്ച ചില സംഭവകഥകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയൊക്കെ അദ്ദേഹത്തിൻ്റെ ചെറുപ്പകാലത്തെ അദ്ഭുത കൃത്യങ്ങളുടെ യഥാർത്ഥരേഖകളത്രെ. ഒരു കൈക്കുഞ്ഞായിരിക്കെ അദ്ദേഹം അമ്മയുടെ കൈയ്യിലിരുന്നു മുറയ്ക്കു കരയുകയും അയൽക്കാരികളായ സ്ത്രീകൾ ഹരിബോൽ എന്നുദ്ഘോഷിക്കുമ്പോൾ കരച്ചിൽ നിറുത്തുന്നത് പതിവായിരുന്നു എന്ന് പറയപ്പെടുന്നു. അങ്ങനെ കഥാ പുരുഷൻ്റെ ഭാവിയിലെ ജീവിത ദൗത്യത്തിൻ്റെ സൂചനപോലെ ആ വീട്ടിൽ ഹരിബോൽ വിളി തുടർച്ചയായി ഉണ്ടായിക്കൊണ്ടിരുന്നു. ഒരിക്കൽ അദ്ദേഹത്തിന്റെ അമ്മ അദ്ദേഹത്തിനു മധുരപലഹാരങ്ങൾ നൽകിയപ്പോൾ അദ്ദേഹം ആ ഭക്ഷ്യങ്ങൾക്കുപകരം കളിമണ്ണു ഭക്ഷിച്ചതായും പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റ അമ്മ അതിൻ്റെ കാരണമാരാഞ്ഞപ്പോൾ എല്ലാ മധുരപലഹാരങ്ങളും രൂപാന്തരീഭവിച്ച മണ്ണല്ലാതെ മറ്റൊന്നുമല്ലായ്കയാൽ തനിക്കു മണ്ണും ഭക്ഷിക്കാവുന്നതാണെന്നദ്ദേഹം പറഞ്ഞു. ഒരു പണ്ഡിതൻ്റെ ധർമ്മപത്നി കൂടിയായ ആ അമ്മ, ഒരു പ്രത്യേക അവസ്ഥയിലുള്ള ഓരോ പദാർത്ഥങ്ങളും ഒരു പ്രത്യേക ഉപയോഗത്തിന് അനുരൂപീകരിച്ചിട്ടുള്ളതാണെന്നു വിശദീകരിച്ചു, മണ്ണ് ഒരു കുടത്തിന്റെ അവസ്ഥയിലായിരിക്കുമ്പോൾ അത് ജലപാത്രമായി ഉപയോഗിക്കാൻ കഴിയും, എന്നാൽ ഒരു ഇഷ്ടികയുടെ അവസ്ഥയിലാണെങ്കിൽ അത്തരത്തിൽ ഉപയോഗിക്കാൻ സാധ്യമല്ല. അതിനാൽ മധുരപലഹാരങ്ങളുടെ രൂപത്തിലുള്ള മണ്ണ് ഭക്ഷണമായി ഉപയോഗിക്കാം. എന്നാൽ മറ്റവസ്ഥകളിലുള്ള കളിമണ്ണ് അപ്രകാരം ഉപയോഗിക്കുവാൻ പറ്റുകയില്ല. ആ പൈതലിന് അതു ബോധ്യമാവുകയും അദ്ദേഹം കളിമണ്ണു തിന്നതിൽ താൻ കാട്ടിയ ബുദ്ധിശൂന്യത സമ്മതിച്ചു കൊടുക്കുകയും ഭാവിയിൽ ആ തെറ്റ് ഒഴിവാക്കാമെന്നേൽക്കുകയും ചെയ്തു. മറ്റൊരദ്ഭുതകർമ്മവും വിവരിക്കപ്പെട്ടിട്ടുണ്ട്. തീർത്ഥാടകനായ ഒരു ബ്രാഹ്മണൻ അദ്ദേഹത്തിന്റെ ഭവനത്തിൽ അതിഥിയായിവരുകയും ഭക്ഷണം പാകം ചെയ്തു കൃഷ്ണനെ ധ്യാനിച്ചു കൊണ്ട് അതദ്ദേഹത്തിന് നിവേദ്യമായി അർപ്പിക്കുകയും ചെയ്തതായി പറയപ്പെട്ടിരുന്നു. ഇതേ സമയത്ത് ആ കുട്ടി വരുകയും നിവേദിക്കപ്പെട്ട അന്നം (ചോറ്) ഭക്ഷിക്കുകയും ചെയ്തു. ആ ബ്രാഹ്മണൻ ധ്യാനത്തോടുകൂടി ആ ചോറു കൃഷ്ണനു നിവേദിക്കവേ കുട്ടി വീണ്ടും വന്ന് ആ ചോറു ഭക്ഷിച്ചു. ആ ബ്രാഹ്മണന് മൂന്നാമതും ചോറു വച്ചുണ്ടാക്കണമെന്നു തോന്നി. ഇപ്രാവശ്യം ആ വീട്ടിലെ അംഗങ്ങളെല്ലാം ഉറങ്ങിക്കഴിഞ്ഞിരുന്നു. ആ കുട്ടി സ്വയം കൃഷ്ണനായി ആ യാത്രികനു പ്രത്യക്ഷപ്പെടുകയും അദ്ദേഹത്തെ അനുഗ്രഹിക്കുകയും ചെയ്തു. അപ്പോൾ ബ്രാഹ്മണൻ തന്റെ ആരാധനാമൂർത്തി പ്രത്യക്ഷമായതിൻ്റെ ഹർഷോന്മാദത്താൽ മോഹാലസ്യപ്പെട്ടു.
രണ്ടു കള്ളന്മാർ ആ കുട്ടിയെ, അവൻ്റെ ആഭരണങ്ങൾ കൈക്കലാക്കുവാൻ വേണ്ടി അവന്റെ അച്ഛൻ്റെ വീട്ടുവാതിൽക്കൽ നിന്നു തട്ടിക്കൊണ്ടു പോയതായും വഴിയിൽ വെച്ച് അവനു മധുര പലഹാരങ്ങൾ നൽകിയതായും പ്രസ്താവിക്കപ്പെട്ടിരിക്കുന്നു. കുട്ടി തൻ്റെ മായാ പ്രഭാവം പ്രയോഗിച്ച് ആ തസ്കരന്മാരെ കബളിപ്പിച്ച് തൻ്റെ ഗൃഹത്തിൻ്റെ ദിക്കിലേക്കുതന്നെ മടക്കിക്കൊണ്ടു വന്നു. കളളന്മാരാകട്ടെ തങ്ങളെ തിരിച്ചറിഞ്ഞു പിടികൂടുമെന്ന ഭയത്താൽ, കുട്ടിയെ അവിടെ ഉപേക്ഷിച്ചിട്ട് പലായനം ചെയ്തു. മറ്റൊരദ്ഭുത കൃത്യം വിവരിക്കപ്പെട്ടിട്ടുളളത്, ആ കുട്ടി ഹിരണ്യൻ, ജഗദീശൻ എന്നിവരിൽനിന്നും അവർ ഏകാദശിക്ക് കൃഷ്ണാരാധനയ്ക്കായി ശേഖരിച്ചിരുന്ന നിവേദ്യങ്ങളെല്ലാം ആവശ്യപ്പെടുകയും കരസ്ഥമാക്കുകയും ചെയ്ത കഥയാണ്. നാല് വയസ്സു മാത്രം പ്രായമായിരുന്നപ്പോൾ അദ്ദേഹം തൻ്റെ മാതാവ് അശുദ്ധമെന്നു കരുതിയിരുന്ന, പുറന്തള്ളപ്പെട്ടതായ പാചക പാത്രങ്ങളുടെ മേൽ ഇരുന്നു. പാചകം കഴിഞ്ഞ് പുറത്തെറിയപ്പെട്ട മൺപാത്രങ്ങളെ സംബന്ധിച്ചിടത്തോളം ശുദ്ധിയുടെയും അശുദ്ധിയുടെയും പ്രശ്നമൊന്നുമില്ലെന്ന് അദ്ദേഹം അമ്മയ്ക്കു വിശദീകരിച്ചു കൊടുത്തു. ഈ സംഭവകഥകളെല്ലാം അഞ്ചാം വയസ്സുവരെയുള്ള അദ്ദേഹത്തിൻ്റെ ഇളം പ്രായവുമായി ബന്ധപ്പെട്ടവയാണ്.
വിദ്യാഭ്യാസം
എട്ടാം വയസ്സിൽ അദ്ദേഹത്തെ മായാപ്പൂരിനടുത്തുള്ള ഗംഗാനഗരത്തിലെ ഗംഗാ ദാസ പണ്ഡിതന്റെ ഗുരുകുലത്തിൽ ചേർത്തു. രണ്ട് വർഷം കൊണ്ട് അദ്ദേഹം സംസ്കൃത വ്യാകരണത്തിലും അലങ്കാരശാസ്ത്രത്തിലും പ്രാവീണ്യം നേടി. അതിനുശേഷമുളള അദ്ദേഹത്തിൻ്റെ അധ്യയനം സ്വഗൃഹത്തിൽ തന്നെ സ്വയം ശിക്ഷണത്തിൻ്റെ രൂപത്തിലുള്ളതായിരുന്നു. അവിടെ അദ്ദേഹത്തിന് ഒരു പണ്ഡിതൻ തന്നെയായ സ്വപിതാവിൻ്റെ വക അതിപ്രധാനഗ്രന്ഥങ്ങൾ ലഭ്യമായിരുന്നു. അദ്ദേഹം രഘുനാഥ ശിരോമണി എന്ന പ്രസിദ്ധ പണ്ഡിതൻ്റെ കീഴിൽ അധ്യയനം നടത്തിയിരുന്ന തന്റെ സ്നേഹിതരുമായി മത്സരിച്ചുകൊണ്ട് സ്വന്തം പഠനമുറിയിലിരുന്നു തന്നെ സ്മൃതിയും ന്യായശാസ്ത്രവും വായിച്ചു പഠിച്ചു.
പത്തുവയസ്സുതികഞ്ഞതോടെ ചൈതന്യൻ വ്യാകരണം, അലങ്കാരശാസ്ത്രം, സ്മൃതി, ന്യായശാസ്ത്രം എന്നിവയിൽ സാമാന്യം ഒരു നല്ല പണ്ഡിതനായിക്കഴി ഞ്ഞിരുന്നു. ഇതിനുശേഷമാണ് അദ്ദേഹത്തിൻ്റെ ജ്യേഷ്ഠനായ വിശ്വരൂപൻ വീടു വിട്ട് സന്യാസാശ്രമം സ്വീകരിച്ചത്. ചൈതന്യൻ വളരെ പ്രായം കുറഞ്ഞ കുട്ടിയായിരുന്നെങ്കിലും താൻ ദൈവപ്രീതിക്കായ് അവരെ സേവിക്കും എന്ന് പറഞ്ഞ് മാതാപിതാക്കൾക്കു സാന്ത്വനമരുളി. അതിനു തൊട്ടു പിൻപേ അദ്ദേഹത്തിന്റെ പിതാവ് ഇഹലോകവാസം വെടിഞ്ഞു. അദ്ദേഹത്തിൻ്റെ അമ്മ അത്യന്തം ദുഃഖിതയായി. മഹാപ്രഭു തൻ്റെ പതിവുള്ള സംതൃപ്ത്തഭാവത്തോടെ വൈധവ്യം നേരിട്ട സ്വന്തം അമ്മയെ സാന്ത്വനപ്പെടുത്തി.
വിവാഹം
പതിനാലോ പതിനഞ്ചോ വയസ്സുള്ളപ്പോഴാണ് മഹാപ്രഭു നാദിയാനിവാസി തന്നെയായ വല്ലഭാചാര്യരുടെ മകളായ ലക്ഷ്മീദേവിയെ വിവാഹം കഴിച്ചത്, അദ്ദേഹം ഈ പ്രായത്തിൽ ന്യായതത്വശാസ്ത്രത്തിൻ്റെയും സംസ്കൃകൃത പഠനത്തിന്റെയും പേരുകേട്ട ആസ്ഥാനമായ നാദിയായിലെ ഏറ്റവും നല്ല പണ്ഡിതന്മാരിലൊരാളായി പരിഗണിക്കപ്പെട്ടിരുന്നു. നൈയ്യായികന്മാരാകെ അദ്ദേഹത്തെ സാഹിത്യചർച്ചയിൽ നേരിടുവാൻ ഭയപ്പെട്ടിരുന്നു. സ്മാർത്ത പണ്ഡിതന്മാരുടെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ. വിവാഹിതനായതിനാൽ അദ്ദേഹം ധനസമ്പാദനത്തിനായി പൂർവ്വബംഗാളിൽ പത്മാനദീതീര ഭാഗത്തേക്കു പോയി. അവിടെ അദ്ദേഹം തന്റെ പാണ്ഡിത്യം പ്രദർശിപ്പിക്കുകയും ഒട്ടേറെ ധനം നേടുകയും ചെയ്തു. ഇക്കാലത്ത് അദ്ദേഹം ഇടയ്ക്കിടെ വൈഷ്ണവ തത്വങ്ങൾ പ്രചരിപ്പിച്ചിരുന്നു. അദ്ദേഹം തപനമിശ്രനെ വൈഷ്ണവ ധർമങ്ങൾ പഠിപ്പിച്ചശേഷം അദ്ദേഹത്തോട് വാരാണസിയിൽ പോയി പാർക്കാൻ നിർദ്ദേശിച്ചു. അദ്ദേഹം കിഴക്കൻ ബംഗാളിലായിരുന്നപ്പോൾ അദ്ദേഹത്തിൻ്റെ പത്നിയായ ലക്ഷ്മീ ദേവി പാമ്പുകടിയേറ്റു മരിച്ചു. വീട്ടിൽ തിരിച്ചെത്തിയപ്പോൾ അദ്ദേഹം സ്വന്തം മാതാവിതിൽ ദുഃഖം പൂണ്ടിരിക്കുന്നതായി കണ്ടു. അദ്ദേഹം മാനുഷിക കാര്യങ്ങളുടെ അനിശ്ചിതാവസ്ഥയെപ്പറ്റിയുള്ള ഒരു പ്രഭാഷണത്താൽ അമ്മയെ സാന്ത്വനപ്പെടുത്തി. അമ്മയുടെ അഭ്യർത്ഥന മാനിച്ചാണ് അദ്ദേഹം പിന്നെ രാജ പണ്ഡിതനായ സനാതന മിശ്രയുടെ മകളായ വിഷ്ണുപ്രിയയെ പരിണയിച്ചത്. അദ്ദേഹം പ്രവാസം കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ സ്വന്തം സഖാക്കൾ അദ്ദേഹത്തോടു ചേർന്നു. ഇപ്പോഴേക്കും അദ്ദേഹം നാദിയായിലെ ഏറ്റവും വലിയ പണ്ഡിതനായി പരിഗണിക്കപ്പെടുമാറ് അത്രയേറെ പ്രസിദ്ധനായിക്കഴിഞ്ഞിരുന്നു. മഹാദിഗ്വിജയി എന്നു സ്വയം വിശേഷിപ്പിച്ചിരുന്ന കാശ്മീരത്തിലെ കേശവമിശ്ര അവിടത്തെ പണ്ഡിതന്മാരുമായി വാദം നടത്തുക എന്ന ഉദ്ദേശ്യത്തോടെ നാദിയായിൽ വന്നു. പരാക്രമിയായ പണ്ഡിതൻ എന്നു പറയപ്പെട്ടിരുന്ന അദ്ദേഹത്തെ ഭയപ്പെട്ട് നാദിയായിലെ ഗുരുകുല മഹാചാര്യന്മാരെല്ലാം ക്ഷണിക്കപ്പെട്ടിട്ടെന്ന നാട്യത്തിൽ ആ പട്ടണം വിട്ടുപോയി. കേശവൻ മായാപ്പൂരിൽ ബാരോക്കോണഘട്ടിൽ വച്ച് മഹാപ്രഭുവുമായി സന്ധിക്കുകയും ഒരു ഹ്രസ്വമായ വാദ പ്രതിവാദത്തിന്റെ അന്ത്യത്തിൽ ആ കുമാരനാൽ തോൽപ്പിക്കപ്പെടുകയും ചെയ്തു. ആ മാനഹാനിയാൽ അയാൾ പെട്ടെന്നു സ്ഥലം വിടുവാൻ നിർബന്ധിതനായി. അപ്പോൾ നിമായ് പണ്ഡിതൻ തൻ്റെ കാലത്തെ ഏറ്റവും പ്രധാന പണ്ഡിതനായിക്കഴിഞ്ഞു.
ആദ്ധ്യാത്മിക ദീക്ഷ
പതിനാറാമത്തെയോ പതിനേഴാമത്തെയോ വയസ്സിലാണ് അദ്ദേഹം തന്റെ ഒട്ടേറെ ശിഷ്യന്മാരുമൊത്ത് ഗയയിലേക്കു യാത്ര ചെയ്തതും അവിടെ പ്രസിദ്ധനായ മാധവേന്ദ്രപുരിയുടെ ശിഷ്യനും ഒരു വൈഷ്ണവസന്യാസിയുമായ ഈശ്വരപുരി യിൽനിന്ന് തൻ്റെ ആത്മീയദീക്ഷ സ്വീകരിച്ചതും. നാദിയായിലേക്കു തിരിച്ചു വന്നപ്പോൾ നിമായ് പണ്ഡിതൻ ധർമ്മോപദേശകനായിത്തീർന്നു. ചൈതന്യൻ ജനിക്കുന്നതിനു മുമ്പേ വൈഷ്ണവ ധർമ്മം സ്വീകരിച്ചു കഴിഞ്ഞിരുന്ന അദ്വൈതപ്രഭു, ശ്രീവാസൻ മുതൽപേർ ഈ ചെറുപ്പക്കാരനിൽ വന്ന മാറ്റം കണ്ട് അദ്ഭുത പരതന്ത്രരായി. അദ്ദേഹം പിന്നീട് ഒരു താത്വികനായ നൈയ്യായികനോ ഒരു വാദപ്രതിവാദശീലനായ സ്മാർത്തനോ വിമർശനപടുവായ ആലങ്കാരികനോ അല്ലാതെയായി, ക്യഷ്ണനാമശ്രവണത്തിൽതന്നെ അദ്ദേഹം മൂർച്ഛിതനാകുകയും തൻ്റെ ആദ്ധ്യാത്മിക വികാരത്തിനധീനനായി ഒരു ദിവ്യ പ്രചോദനം പൂണ്ട മനുഷ്യനെപ്പോലെ പെരുമാറുകയും ചെയ്യുമായിരുന്നു. ശ്രീവാസ പണ്ഡിതൻ്റെ വീട്ടിൽ വച്ച് ഭൂരിപക്ഷം വിജ്ഞന്മാരടങ്ങിയ നൂറുകണക്കായ അനുയായികളുടെ സാന്നിദ്ധ്യത്തിൽ അദ്ദേഹം തൻ്റെ ദിവ്യശക്തികൾ പ്രകടിപ്പിച്ചതായി ഒരു ദൃക്സാക്ഷിയായ മുരാരിഗുപ്തൻ വിവരിച്ചിട്ടുണ്ട്. ഈ കാലത്താണ് അദ്ദേഹം ആത്മാർത്ഥതയുള്ള അനുയായികളോടൊപ്പം ശ്രീവാസപണ്ഡിതൻ്റെ വീട്ടുവളപ്പിൽ ഒരു നിശാകീർത്തനാലയം സ്ഥാപിച്ചത്. അവിടെ അദ്ദേഹം ഉപദേശപ്രഭാഷണങ്ങൾ നടത്തി, പാടി, നൃത്തം ചെയ്തു. എല്ലാത്തരത്തിലുമുള്ള ഭക്തിപരമായ വികാരങ്ങളും പ്രകടിപ്പിച്ചു. അന്ന് ഒരു വൈഷ്ണവ ധർമ്മോപദേശകനായിരുന്ന നിത്യാനന്ദ പ്രഭു അപ്പോഴേക്കും തന്റെ അഖിലേന്ത്യാപര്യടനം പൂർത്തിയാക്കിവന്ന് അദ്ദേഹവുമായി ഒത്തുചേർന്നു. ആത്മാർത്ഥതയുള്ള ഒരു വലിയസംഘം വൈഷ്ണവധർമ്മ പ്രചാരകർ ബംഗാളിൻ്റെ നാനാഭാഗത്തുനിന്നും എത്തി അദ്ദേഹത്തോടൊത്തു ചേർന്നു. ഇപ്പോൾ നാദിയാ വൈഷ്ണവധർമ്മ വിദ്യാഭ്യാസത്തിൻ്റെ ഏറ്റവും ഉന്നതമായ സ്വാധീനത്താൽ മനുഷ്യരാശിയെ ആധ്യാത്മീകരിക്കുക എന്നതു തങ്ങളുടെ ജീവിതലക്ഷ്യമാക്കിയ അസംഖ്യം വൈഷ്ണവാചാര്യന്മാരുടെ ആസ്ഥാനമായിക്കഴിഞ്ഞു.
പ്രചാരണം
പ്രഭു നിത്യാനന്ദനും ഹരിദാസനും, ആദ്യമായി അദ്ദേഹം നൽകിയ അനുശാസനം ഇതായിരുന്നു. പോവുക, സുഹൃത്തുക്കളേ! ഈ പട്ടണത്തിന്റെ തെരുവുകൾ തോറും പോവുക, ഓരോ മനുഷ്യനേയും അയാളുടെ വീട്ടുവാതിക്കൽ ചെന്നുകണ്ട് ഒരു വിശുദ്ധ ദിനചര്യയോടെ ഹരിനാമം ജപിക്കുവാൻ അയാളോട് ആവശ്യപ്പെടുക, എന്നിട്ട് നിങ്ങൾ എന്നും വൈകിട്ടുവന്ന് നിങ്ങളുടെ പ്രചരണത്തിന്റെ ഫലങ്ങൾ എന്നോട് വിവരിച്ചു തരുക. ഈ ആജ്ഞ സ്വീകരിച്ച് ആ പ്രചാരകരും പോവുകയും ഏറ്റവും ദുഷ്ട സ്വഭാവികളായ, ജഗായ്, മാധായ് എന്നീ രണ്ടുപേരെ കണ്ടുമുട്ടുകയും ചെയ്തു. മഹാപ്രഭുവിൻ്റെ അനുശാസനയെപ്പറ്റി കേട്ടപ്പോൾ അവർ ആ ഉപദേശകരെ അധിക്ഷേപിക്കുകയാണുണ്ടായത്. എന്നാൽ പെട്ടെന്നുതന്നെ മഹാപ്രഭു പഠിപ്പിച്ചു കൊടുത്ത ഭക്തിയുടെ പ്രഭാവത്താൽ അവർക്ക് മാനസാന്തരമുണ്ടായി. അപ്പോൾ നാദിയായിലെ ജനങ്ങൾ അദ്ഭുതാധീനരായി അവർ പറഞ്ഞു: നിമായ്പണ്ഡിതൻ ഒരു മഹാ പ്രതിഭാശാലി മാത്രമല്ല, അദ്ദേഹം തീർച്ചയായും സർവ്വശക്തനായ ദൈവത്താൽ നിയുക്തനായ ഒരു ദൗത്യ നിർവാഹകനും കൂടിയാണ്. ഈ സമയം മുതൽ തൻ്റെ ഇരുപത്തി മൂന്നാം വയസ്സുവരെ മഹാപ്രഭു തൻ്റെ ധാർമ്മിക സിദ്ധാന്തങ്ങൾ നാദിയായിൽ മാത്രമല്ല സ്വന്തം പട്ടണത്തിനുചുറ്റുമുള്ള എല്ലാപട്ടണങ്ങളിലും ഗ്രാമങ്ങളിലും കൂടി പ്രചരിപ്പിച്ചു. തന്റെ അനുയായികളുടെ ഭവനങ്ങളിൽ അദ്ദേഹം അദ്ഭുത കർമ്മങ്ങൾ കാണിക്കുകയും ഭക്തിയുടെ നിഗൂഢതത്വങ്ങൾ പഠിപ്പിക്കുകയും മറ്റുഭക്തന്മാരോടു ചേർന്നു സങ്കീർത്തനങ്ങൾ ആലപിക്കുകയും ചെയ്തു. നാദിയാപട്ടണത്തിലെ അദ്ദേഹത്തിന്റെ അനുയായികൾ തെരുവുകളിലും വിപണികളിലും ഹരിയുടെ വിശുദ്ധനാമം പാടി നടക്കുവാൻ തുടങ്ങി. ഇത് ഒരു വൈകാരിക വിക്ഷോഭം സൃഷ്ട്ടിക്കുകയും വിവിധ കേന്ദ്രങ്ങളിൽ വിഭിന്നങ്ങളായ വികാരങ്ങൾ ഇളക്കിവിടുകയും ചെയ്തു. ഭക്തന്മാർ അത്യധികം സന്തുഷ്ടരായി. സ്മാർത്ത ബ്രാഹ്മണർ നിമായ് പണ്ഡിതന്റെ വിജയത്തിൽ അസൂയാലുക്കളാകുകയും ചൈതന്യൻ്റെ സ്വഭാവം അഹൈന്ദവമെന്നു പറഞ്ഞ് അതിനെതിരെ ചാന്ദ്കാസിയോടു പരാതിപ്പെടുകയും ചെയ്തു. കാസി ശ്രീവാസപണ്ഡിതൻ്റെ വീട്ടിൽ വന്ന് അവിടത്തെ ഒരു മൃദംഗം അടിച്ചുടക്കുകയും നിമായ് പണ്ഡിതൻ സ്വന്തം വിചിത്ര മതത്തെപ്പറ്റി ബഹളം കൂട്ടുന്നതു നിർത്തിയില്ലെങ്കിൽ അയാളുടെ അനുയായികളുടെ മേൽ മുഹമ്മദുമതം അടിച്ചേൽപ്പിക്കുവാൻ താൻ നിർബന്ധിതനാവുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതു മഹാപ്രഭുവിന്റെ ശ്രദ്ധയിൽപ്പെടുത്തപ്പെട്ടു. അദ്ദേഹം ആ പട്ടണവാസികളോട് വൈകിട്ട് അവരോരുത്തരും ഓരോ പന്തവുമായി എത്തുവാൻ ആവശ്യപ്പെട്ടു. അവർ അതനുസരിച്ചു. നിമായിയും കൂട്ടരും പതിനാലു സംഘങ്ങളായി തിരിഞ്ഞ് തങ്ങളുടെ സങ്കീർത്തനത്തോടു കൂടി യാത്രതിരിക്കുകയും കാസിയുടെ വാസ സ്ഥലത്തെത്തിയപ്പോൾ അദ്ദേഹം കാസിയുമായി ഒരു ദീർഘമായ സംഭാഷണം നടത്തുകയും ഒടുവിൽ അയാളെ സ്പർശിക്കുക വഴി തൻ്റെ വൈഷ്ണവ പ്രഭാവം അയാളുടെ ഹൃദയത്തിലേക്കു സംക്രമിപ്പിക്കുകയും ചെയ്തു. കാസി അപ്പോൾ കരയുകയും തനിക്ക് തീഷ്ണമായ ആധ്യാത്മിക സ്വാധീനം അനുഭവപ്പെട്ടതായി പറയുകയും ചെയ്തു. അതു തന്റെ സംശയങ്ങളെ ദൂരീകരിക്കുകയും തനിക്കു പരമോന്നതമായ അതീന്ദ്രിയ ആനന്ദം ലഭിക്കുന്ന രീതിയിൽ ആ ആധ്യാത്മിക അനുഭൂതി ഉളവാക്കിയതായും അയാൾ സമ്മതിച്ചു. പിന്നീട് കാസി ആ സങ്കീർത്തന സംഘത്തിൽ ചേർന്നു. ഈ സംഭവത്തിനുശേഷം മഹാപ്രഭുവിൻ്റെ ആധ്യാത്മികശക്തിയിൽ ലോകം ആശ്ചര്യ പരതന്ത്രമായിത്തീരുകയും നൂറുകണക്കിന് അവിശ്വാസികൾ മാനസാന്തരപ്പെട്ട് വിശ്വംഭരൻ്റെ കൊടിക്കീഴിൽ അണിനിരക്കുകയും ചെയ്തു.
സന്യാസം
ഇതിനുശേഷമാണ് കുലിയായിലെ അസൂയാലുക്കളും നീചബുദ്ധികളുമായ കുറേ ബ്രാഹ്മണർ മഹാപ്രഭുവുമായി കലഹിച്ചതും അദ്ദേഹത്തെ എതിർക്കുന്നതിനായി ഒരു വിഭാഗത്തെ സംഘടിപ്പിച്ചതും. നിമായ്പണ്ഡിതൻ തൻ്റെ സിദ്ധാന്തങ്ങളിൽ ശക്തമായ നിലപാടുള്ളയാളായിരുന്നെങ്കിലും പ്രകൃത്യാ മൃദുല ഹൃദയമുള്ള ഒരാളായിരുന്നു. കക്ഷി ചിന്തയും വിഭാഗീയതയും പുരോഗതിയുടെ രണ്ട് വൻ ശത്രുക്കളാണെന്നും താൻ ഒരു നിശ്ചിത കുടുംബത്തിലെ അംഗമെന്ന നിലക്ക് ഒരു നാദിയാക്കാരനായി തുടരുന്നിടത്തോളം കാലം തൻ്റെ ദൗത്യം പൂർണ്ണ വിജയം കൈവരിക്കാൻ പോകുന്നില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. എന്നിട്ട് അദ്ദേഹം തൻ്റെ കുടുംബവും ജാതിയും മതവുമൊക്കെയുമായുള്ള ബന്ധം വിച്ഛേദിച്ചുകൊണ്ട് ഒരു വിശ്വപൗരനായിത്തീരുവാനുറച്ചു. ഈ നിശ്ചയത്തോടെ അദ്ദേഹം തൻ്റെ 24-ാം വയസ്സിൽ കാട്വായിൽവച്ച് ആ പട്ടണത്തിലെ കേശവഭാരതിയുടെ മാർഗ്ഗദർശകത്വത്തിൻ കീഴിൽ സന്യാസം സ്വീകരിച്ചു. അദ്ദേഹത്തിൻറെ അമ്മയും ഭാര്യയും ഈ വേർപാടിൽ കഠിനമായി കേണു. എന്നാൽ നമ്മുടെ കഥാപുരുഷൻ മൃദുലഹൃദയനായിരുന്നെങ്കിലും തൻ്റെ വിശ്വാസപ്രമാണങ്ങളെ സംബന്ധിച്ചിടത്തോളം ഒരു സുശക്തനായ വ്യക്തിയായിരുന്നു. അദ്ദേഹം, എല്ലാ മനുഷ്യരും കൂടി ഉൾപ്പെടുന്ന കൃഷ്ണൻ്റെ സീമാരഹിതമായ ആധ്യാത്മികലോകത്തിനു വേണ്ടി തൻ്റെ വീട്ടിനുള്ളിലെ കൊച്ചുലോകത്തെ ഉപേക്ഷിച്ചു.
സന്ന്യാസത്തിനു ശേഷം അദ്ദേഹം ശാന്തിപുരത്തെ അദ്വൈതപ്രഭുവിന്റെ ഭവനം സന്ദർശിക്കുവാൻ പ്രേരിതനായി. അദ്വൈതൻ നാദിയായിൽനിന്ന് അദ്ദേഹത്തിൻ്റെ എല്ലാ സുഹൃത്തുക്കളേയും ഭക്തരെയും ക്ഷണിച്ചുവരുത്തുകയും തൻ്റെ മകനെ കാണാനായി ശചീദേവിയെ കൊണ്ടുവരുകയും ചെയ്തു. തൻ്റെ മകനെ ഒരു സന്യാസിയുടെ വേഷത്തിൽ കണ്ടപ്പോൾ സന്തോഷവും സന്താപവും ഒപ്പം അവരുടെ ഹൃദയത്തെ കീഴടക്കി. സന്യാസിയെന്ന നിലയ്ക്ക് കൃഷ്ണചൈതന്യൻ ഒരു കൗപീനവും ഒരു ബഹിർവസനവും (പുറമേ മൂടുന്ന വസ്ത്രം) മാത്രമേ ധരിച്ചിരുന്നുള്ളു. അദ്ദേഹത്തിൻ്റെ ശിരസ്സ് മുണ്ഡനം ചെയ്യപ്പെട്ടിരുന്നു. കൈകളിൽ ഒരു വടിയും ഒരു കമണ്ഡലുവും ഏന്തിയിരുന്നു. വിശുദ്ധനായ ആ പുത്രൻ തൻ്റെ മാതാവിൻ്റെ പാദങ്ങളിൽ നമസ്കരിച്ചിട്ടു പറഞ്ഞു. അമ്മേ! ഈ ശരീരം അവിടുത്തേതാണ്. അതുകൊണ്ട് ഞാൻ അവിടത്തെ കല്പനകൾ അനുസരിക്കേണ്ടതുണ്ട്. എന്റെ ആത്മീയനേട്ടങ്ങൾക്കായി എനിക്കു വൃന്ദാവനത്തിലേക്കു പോകുവാൻ അനുമതി തന്നാലും. ആ അമ്മ അദ്വൈതനുമായും മറ്റുള്ളവരുമായും ആലോചിച്ചശേഷം, തനിക്ക് ഇടയ്ക്കിടയ്ക്ക് അദ്ദേഹത്തെപ്പറ്റിയുള്ള വിവരങ്ങൾ ലഭിക്കുവാൻ തക്കവിധം പുരിയിൽ (ജഗന്നാഥക്ഷേത്രം സ്ഥിതിചെയ്യുന്ന പട്ടണത്തിൽ) വസിക്കുവാൻ തൻ്റെ മകനോടാവശ്യപ്പെട്ടു. മഹാപ്രഭു ആ നിർദ്ദേശം അംഗീകരിക്കുകയും കുറച്ച് ദിവസത്തിനകം ശാന്തിപുരം വിട്ട് ഒറീസ്സയിലേക്കു പോവുകയും ചെയ്തു.
സർവഭൗമ ഭട്ടാചാര്യനുമായുള്ള വാദം
അദ്ദേഹത്തിൻ്റെ ജീവചരിത്രകാരന്മാർ ശാന്തിപുരത്തിൽനിന്നു പുരിയിലേക്കുള്ള കൃഷ്ണചൈതന്യൻ്റെ (അതായിരുന്നു സന്യാസാനന്തരം അദ്ദേഹത്തിനു ലഭിച്ച പേര്) യാത്രയെപ്പറ്റി വിസ്തരിച്ചു പ്രതിപാദിച്ചിട്ടുണ്ട്. ഇപ്പോൾ 24 പർഗാനായിലെ ഡയമണ്ട് ഹാർബറിലുള്ള ഥാനാമഥുരാപുരിയിൽ സ്ഥിതിചെയ്യുന്ന ഛത്രഭോഗവരെ അദ്ദേഹം ഭാഗീരഥിയുടെ കരയിൽക്കൂടിയാണു യാത്ര ചെയ്തത്. അവിടെനിന്ന് ഒരു ബോട്ടിൽ മിഡ്നാപുര ജില്ലയിലെ പ്രയാഗഘട്ടം വരെ സഞ്ചരിച്ചു. അവിടെ നിന്നു ബാലാസോറും കട്ടക്കുംവഴി നടന്ന്, ഇടയ്ക്ക ഭുവനേശ്വര ക്ഷേത്രം സന്ദർശിച്ചിട്ട്, പുരിയിലേക്കു പോയി. പുരിയിൽ എത്തിച്ചേർന്ന ശേഷം ക്ഷേത്രത്തിൽ ചെന്ന് ജഗന്നാഥനെ കാണുകയും സാർവ്വഭൗമൻ്റെ അഭ്യർത്ഥ നയനുസരിച്ച് അദ്ദേഹത്തോടൊത്തു താമസിക്കുകയും ചെയ്തു. സാർവ്വഭൗമൻ അക്കാലത്തെ ഒരു മഹാപണ്ഡിതനായിരുന്നു. അദ്ദേഹത്തിൻ്റെ ഗ്രന്ഥപരിചയത്തിന് ഒരു അതിരില്ലായിരുന്നു. അദ്ദേഹം ആ കാലഘട്ടത്തിലെ ഏറ്റവും വലിയ നെയ്യായികനായിരുന്നു. അദ്ദേഹം ശങ്കരാചാര്യരുടെ പ്രസ്ഥാനത്തിലെ വേദാന്ത തത്വചിന്തയുടെ ഏറ്റവും വ്യൂത്പന്നനായ പണ്ഡിതനായും അറിയപ്പെട്ടിരുന്നു. അദ്ദേഹം ജനിച്ചത് നാദിയായിൽ (വിദ്യാനഗരം) ആയിരുന്നു. അവിടുത്തെ ഗുരുകുലത്തിൽ അസംഖ്യം വിദ്യാർത്ഥികളെ അദ്ദേഹം ന്യായ തത്വശാസ്ത്രം പഠിപ്പിച്ചിരുന്നു. നിമായ് പണ്ഡിതന്റെ ജനനത്തിന് അല്പകാലം മുൻപ് അദ്ദേഹം പുരിയിലേക്കു പോയിക്കഴിഞ്ഞിരുന്നു. അദ്ദേഹത്തിൻ്റെ സ്യാലനായ ഗോപിനാഥമിശ്ര നമ്മുടെ പുതിയ സന്യാസിയെ സാർവ്വഭൗമനു പരിചയപ്പെടുത്തി കൊടുത്തു. അദ്ദേഹം ചൈതന്യന്റെ ശരീര സൗന്ദര്യത്തിൽ അദ്ഭുതം കൂറുകയും ആ യുവാവിന് തൻ്റെ ദീർഘകാല ജീവിതത്തിലുടനീളം സന്യാസധർമ്മം പാലിക്കാൻ പ്രയാസമായിരിക്കുമെന്ന് ആശങ്കിക്കുകയും ചെയ്തു. നാദിയായിൽവച്ചു തന്നെ മഹുപ്രഭുവിനെ അറിയാമായിരുന്ന ഗോപിനാഥന് അദ്ദേഹത്തോടു വലിയ ഭക്തിയുണ്ടായിരുന്നു. ആ സന്യാസി ഒരു സാധാരണമനുഷ്യനല്ലെന്ന് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു.ഈ വിഷയത്തിൽ ഗോപിനാഥനും സാർവ്വഭൗമനും തമ്മിൽ ചൂടുപിടിച്ച വാദപ്രതിവാദം തന്നെ നടന്നു. പിന്നെ സാർവ്വഭൗമൻ മഹാപ്രഭുവിനോട് തൻ്റെ വേദാന്തസൂത്ര പാരായണം ശ്രവിക്കണമെന്നഭ്യർത്ഥിക്കുകയും അദ്ദേഹമതിനു മൗനമായി സമ്മതിക്കുകയും ചെയ്. മഹാനായ സാർവ്വഭൗമൻ ഏഴുദിവസംകൊണ്ടു ചൊല്ലിയതെല്ലാം ചൈതന്യൻ മിണ്ടാതെ കേട്ടു. അതിൻ്റെ അവസാനത്തിൽ സാർവ്വഭൗമൻ പറഞ്ഞു: “കൃഷ്ണ ചൈതന്യാ! താങ്കൾക്കു വേദാന്തം മനസ്സിലാകുന്നില്ലെന്നു ഞാൻ വിചാരിക്കുന്നു. എൻ്റെ പാരായണവും വിവരണങ്ങളും കേട്ടിട്ടു താങ്കൾ ഒന്നും പറയുന്നില്ലല്ലോ.” തനിക്കു ആ സൂത്രങ്ങൾ ശരിക്കുമനസ്സിലായെന്നും എന്നാൽ ശങ്കരാചാര്യർ തൻ്റെ ഭാഷ്യം കൊണ്ടെന്താണു വിവക്ഷിക്കുന്നതെന്നു തനിക്കു പിടികിട്ടുന്നില്ലെന്നുമായിരുന്നു ചൈതന്യൻ്റെ ഉത്തരം. ഇതു കേട്ടാശ്ചര്യപ്പെട്ട് സാർവ്വഭൗമൻ പറഞ്ഞു, എങ്ങനെയാണു താങ്കൾക്കു സൂത്രങ്ങൾ മനസ്സിലാകുകയും ആ സൂത്രങ്ങളെ വിശദീകരിക്കുന്ന ഭാഷ്യം മനസ്സിലാകാതിരിക്കുകയും ചെയ്യുന്നത്? ശരി തന്നെ, താങ്കൾക്ക് സൂത്രങ്ങൾ മനസ്സിലായിയെങ്കിൽ താങ്കളുടെ വാഖ്യാനങ്ങൾ എന്നോടു പറയുക. അതുകൊണ്ട് മഹാപ്രഭു എല്ലാ സൂത്രങ്ങളും തൻ്റെ സ്വന്തം രീതിയിൽ ശങ്കരാചാര്യരുടെ അദ്വൈതപരമായ ഭാഷ്യത്തെ സ്പർശിക്കാതെ വിവരിച്ചുകൊടുത്തു. സാർവ്വഭൗമൻ്റെ തീഷ്ണമായ ഗ്രഹണശക്തി, ചൈതന്യൻ നൽകിയ വ്യാഖ്യാനങ്ങളിലെ സത്യവും സൗന്ദര്യവും പരസ്പരമുള്ള പൊരുത്തവും കണ്ടെത്തുകയും ആദ്യമായാണ് താൻ ബ്രാഹ്മണസൂത്രങ്ങളെ ഇത്ര ലളിതമായ രീതിയിൽ വിവരിക്കാൻ കഴിവുള്ള ഒരാളെ കാണുന്നതെന്നു പറയുവാൻ അദ്ദേഹത്തെ നിർബന്ധിതനാക്കുകയും ചെയ്തു. മഹാപ്രഭുവിൽനിന്ന് തനിക്കു ലഭിച്ചതുപോലെ, വേദാന്തസൂത്രത്തിൻ്റെ അത്രയും സ്വാഭാവികമായ വിവരണങ്ങൾ ശങ്കരാചാര്യരുടെ ഭാഷ്യം ഒരിക്കലും നൽകിയിട്ടില്ലെന്ന് അദ്ദേഹം സമ്മതിക്കുകയുണ്ടായി. തുടർന്ന് അദ്ദേഹം ഒരു അനുകൂലവാദിയും അനുയായിയുമായി സ്വയം വഴങ്ങി. അല്പ ദിവസങ്ങൾക്കുള്ളിൽ സാർവ്വഭൗമൻ അക്കാലത്തെ ഏറ്റവും നല്ല വൈഷ്ണവരിൽ ഒരാളായിത്തീർന്നു. ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നതോടെ ഒറീസ്സയാകെ കൃഷ്ണചൈതന്യനെ പുകഴ്ത്തിപ്പാടുകയും നൂറുകണക്കിനാളുകൾ അദ്ദേഹത്തിൻ്റെ അടുത്തേക്കു പ്ര വഹിക്കുകയും അദ്ദേഹത്തിൻറെ അനുയായികളായിത്തീരുകയും ചെയ്തു.
ദക്ഷിണ ഭാരത യാത്ര
ഇക്കാലത്തുതന്നെ മഹാപ്രഭു ദക്ഷിണ ഭാരതം സന്ദർശിക്കുവാൻ ആലോചിക്കുകയും കൃഷ്ണദാസ ബ്രാഹ്മണൻ എന്ന ഒരാളോടൊത്തു യാത്ര പുറപ്പെടുകയുംചെയ്തു. അദ്ദേഹത്തിൻ്റെ ജീവചരിത്രകാരന്മാർ ഈ യാത്രയുടെ ഒരു വിവരണം നൽകിയിട്ടുണ്ട്. അദ്ദേഹം ആദ്യം പോയത് കൂർമ്മ ക്ഷേത്രത്തിലേക്കാണ്. അവിടെ അദ്ദേഹം വാസുദേവൻ എന്നൊരു കുഷ്ഠരോഗിയെ സുഖപ്പെടുത്തിക്കൊണ്ട് ഒരു അദ്ഭുത കൃത്യം നിർവ്വഹിച്ചു. അദ്ദേഹം ഗോദാവരിതീരത്തുവച്ച് വിദ്യാനഗരത്തിലെ ഗവർണ്ണറായ രാമാനന്ദറായരെ കണ്ടുമുട്ടുകയും അദ്ദേഹവുമായി പ്രേമഭക്തി എന്ന വിഷയത്തെപ്പറ്റി ഒരു തത്വശാസ്ത്രപരമായ സംഭാഷണം നടത്തുകയും ചെയ്തു. ദശരഥസൂനുവായ രാമചന്ദ്രൻ ഏഴു താലവൃക്ഷങ്ങളിലൂടെ അമ്പയയ്ക്കുകയും ബാലിരാജനെ വധിക്കുകയുമുണ്ടായല്ലോ. ആ താലവൃക്ഷങ്ങളെ സ്പർശിച്ച് അവയെ ക്ഷണത്തിൽ അപ്രത്യക്ഷമാക്കിക്കൊണ്ട് അദ്ദേഹം മറ്റൊരദ്ഭുതകൃത്യവും നിർവ്വഹിച്ചു. യാത്രയിലുടനീളം അദ്ദേഹം വൈഷ്ണവധർമവും നാമസങ്കീർത്തനവും പ്രചരിപ്പിച്ചു. രംഗക്ഷേത്രത്തിൽ അദ്ദേഹം മഴക്കാലം കഴിച്ചുകൂട്ടുന്നതിനായി വെങ്കടഭട്ടൻ എന്നയാളുടെ വീട്ടിൽ നാലുമാസം താമസിച്ചു. അവിടെ വെങ്കടൻ്റെ കുടുംബത്തെ മുഴുവൻ അദ്ദേഹം രാമാനുജ വൈഷ്ണവധർമ്മത്തിൽനിന്ന് കൃഷ്ണഭക്തി പ്രസ്ഥാനത്തിലേക്കു പരിവർത്തിപ്പിച്ചു. അക്കൂട്ടത്തിൽ വെങ്കട ഭട്ടന്റെ പുത്രനായ ഗോപാലൻ എന്നുപേരുള്ള പത്തുവയസ്സുകാരൻ കുട്ടിയുമുണ്ടായിരുന്നു. ഇദ്ദേഹം പിൽക്കാലത്തു വൃന്ദാവനത്തിലേക്കു വരുകയും ശ്രീക്യഷ്ണചൈതന്യൻ്റെ കീഴിൽ പ്രവർത്തിച്ചിരുന്ന ആറു ഗോസ്വാമിമാരിൽ ഒരാളായിത്തീരുകയും ചെയ്യുകയുണ്ടായി. തൻ്റെ മാതുലനായ പ്രബോധാനന്ദ സരസ്വതിയുടെ കീഴിൽ സംസ്കൃതം പഠിച്ച ഗോപാലൻ വൈഷ്ണവധർമ്മത്തെ സംബന്ധിച്ച് അനേകം ഗ്രന്ഥങ്ങൾ രചിച്ചു.
ചൈതന്യൻ കന്യാകുമാരി പര്യന്തമുള്ള ദക്ഷിണേന്ത്യയിലെ പലസ്ഥലങ്ങളും സന്ദർശിക്കുകയും രണ്ടു വർഷത്തിനകം ഭീമാനദിക്കരയിലുള്ള പാണ്ഡേപുര വഴി പുരിയിൽ മടങ്ങിയെത്തുകയും ചെയ്തു. പാണ്ഡേപുര എന്ന സ്ഥലത്ത് അദ്ദേഹം തുക്കാരാമൻ എന്നൊരാൾക്ക് ആത്മീയശക്തി പകരുകയും അയാൾ അന്നുമുതൽ തന്നെ ഒരു ധർമ്മപ്രചാരകനായിത്തീരുകയും ചെയ്തു. ബോംബേ സിവിൽ സർവ്വീസിൽപ്പെട്ട സത്യേന്ദ്രനാഥ ടാഗോർ ഒറ്റ വാല്യമായി സഞ്ചയിച്ച അദ്ദേഹത്തിൻ്റെ ആഭംഗകളിൽ ഈ വസ്തുത സമ്മതിച്ചിട്ടുണ്ട്. അദ്ദേഹം തന്റെ യാത്രക്കിടയിൽ ബൗദ്ധരും ജൈനരും മായാവാദികളുമായി പലസ്ഥലങ്ങളിലും വച്ചു വാദപ്രതിവാദം നടത്തുകയും തൻ്റെ എതിരാളികളെ വൈഷ്ണവധർമാനുയായികളായി മാറ്റുകയും ചെയ്തു.
അന്ത്യ ലീലകൾ
അദ്ദേഹം പുരിയിൽ തിരിച്ചെത്തിയപ്പോൾ രാജാ പ്രതാപരുദ്രദേവനും മറ്റനേകം പണ്ഡിത ബ്രാഹ്മണരും ചൈതന്യമഹാപ്രഭുവിൻ്റെ കൊടിക്കീഴിൽ അണിനിരന്നു.
ഇപ്പോൾ അദ്ദേഹത്തിനു ഇരുപത്തിയേഴുവയസ്സായി. ഇരുപത്തിയെട്ടാമത്തെ വയസ്സിൽ അദ്ദേഹം ബംഗാളിൽ മാൽഡയിലെ ഗൗഡ വരെ പോയി. അവിടെ അദ്ദേഹം രൂപ, സനാതന എന്നീ രണ്ടു പേരുകളോടുകൂടിയ രണ്ടു മഹാപുരുഷന്മാരെ കണ്ടെത്തി, കർണ്ണാടക ബ്രാഹ്മണ വംശത്തിലെ പിൻ തലമുറക്കാരാണെങ്കിലും ഈ രണ്ടു സഹോദരൻമാരും അന്നത്തെ ഗൗഡ ദേശത്തിലെ രാജാവായിരുന്ന ഹുസൈൻ ഷായുമായുള്ള നിരന്തര സമ്പർക്കത്താൽ അർദ്ധ മുസ്ലീങ്ങളായിത്തീർന്നു. ആ ചക്രവർത്തി അവരുടെ പേരുകൾ ഡബീർ ഖാസ് എന്നും സാക്കരാമല്ലിക് എന്നും മാറ്റിക്കഴിഞ്ഞിരുന്നു. അവരിരുവരും പേഴ്ഷ്യൻ, അറബി, സംസ്കൃതം എന്നീ ഭാഷകളിൽ പ്രാവീണരും രാജ്യത്തിൻ്റെ വിശ്വസ്ത സേവകരുമായിരുന്നതിനാൽ അവരുടെ സ്വാമി അവരെ ഹാർദ്ദവമായി സ്നേഹിച്ചിരുന്നു. ആ രണ്ടു മാന്യന്മാരും, തങ്ങൾക്കു ശരിയായ ഹിന്ദുക്കളുടെ നിലയിലേക്കു തിരിച്ചുവരുവാൻ ഉള്ള വഴി കാണായ്കയാൽ, മഹാപ്രഭു പുരിയിലായിരുന്നപ്പോൾ ആത്മീയ സഹായത്തിനായി അദ്ദേഹത്തിന് എഴുതിയിരുന്നു. അതിനു മറുപടിയായി മഹാപ്രഭു താൻ അവരുടെ അടുത്ത് ചെല്ലുമെന്നും അവരെ തങ്ങളുടെ ആത്മീയ വിഷമാവസ്ഥയിൽ നിന്നു വിമുക്തരാക്കുമെന്നും എഴുതിയിരുന്നു. ഇപ്പോൾ അദ്ദേഹം ഗൗഡ യിൽ എത്തിയതിനാൽ ആ രണ്ടു സഹോദരന്മാരും തങ്ങളുടെ ദീർഘകാലമായി നിലനിൽക്കുന്ന അഭ്യർത്ഥനയുമായി അദ്ദേഹത്തിൻ്റെ മുമ്പാകെ എത്തി. മഹാപ്രഭു അവരോടു വൃന്ദാവനത്തിൽ ചെല്ലാനും അവിടെ അദ്ദേഹത്തെ സന്ദർശിക്കാനും ആവശ്യപ്പെട്ടു.
ചൈതന്യൻ പുരിയിലേക്കു മടങ്ങിപ്പോയതു ശാന്തിപുരം വഴിയാണ്. അവിടെ അദ്ദേഹം തന്റെ പ്രിയപ്പെട്ട അമ്മയെ ചെന്നു കണ്ടു. പുരിയിൽ അൽപകാലം താമസിച്ച ശേഷം അദ്ദേഹം വൃന്ദാവനത്തിലേക്കുപോയി. ഈ അവസരത്തിൽ അദ്ദേഹത്തൊടൊപ്പം ബലഭദ്രഭട്ടാചാര്യൻ എന്ന ഒരാളും ഉണ്ടായിരുന്നു. അദ്ദേഹം വൃന്ദാവനം സന്ദർശിച്ചശേഷം പ്രയാഗയിലേക്ക് (അലഹബാദ്) പോയി. ഈ യാത്രയിൽ ഖുറാനെ അടിസ്ഥാനപ്പെടുത്തിയുള്ള വാദപ്രതിവാദങ്ങളാൽ അദ്ദേഹം വളരെയധികം മുസ്ലിങ്ങളെ വൈഷ്ണവധർമ്മാനുയായികളാക്കി അവരുടെ പിൻതലമുറക്കാർ ഇന്നും പഠാൻ വൈഷ്ണവർ എന്നാണറിയപ്പെടുന്നത്. രൂപ ഗോസ്വാമി അലഹബാദിൽവച്ച് അദ്ദേഹത്തെ സന്ദർശിച്ചു. ചൈതന്യമഹാപ്രഭു പത്തുദിവസംകൊണ്ട് അദ്ദേഹത്തിന് ആധ്യാത്മികതയിൽ വേണ്ട ശിക്ഷണം നൽകിയിട്ട് ചില ദൗത്യങ്ങ ളുമായി വ്യന്ദാവനത്തിലേക്കു പോകുവാൻ അദ്ദേഹത്തെ നിയോഗിച്ചു. അദ്ദേഹത്തിന്റെ ഒന്നാമത്തെ ദൗത്യം പരിശുദ്ധഭക്തിയെയും പ്രേമത്തെയും ശാസ്ത്രീ യമായി വിശദീകരിക്കുന്ന ദൈവശാസ്ത്രഗ്രന്ഥങ്ങൾ രചിക്കുക എന്നതായിരുന്നു. ശ്രീ കൃഷ്ണചന്ദ്രഭഗവാൻ ദ്വാപരയുഗാന്ത്യത്തിൽ ഭക്തലോകത്തിന്റെ ശ്രേയസ്സിനായി തന്റെ ആധ്യാത്മികലീലകൾ പ്രദർശിപ്പിച്ച സ്ഥലങ്ങളെ പുനരുദ്ധരിക്കുക എന്നതായിരുന്നു രണ്ടാമത്തെ ദൗത്യം. രൂപഗോസ്വാമി അലഹബാദിൽനിന്നു വൃന്ദാവനത്തിലേക്കു പോയി, മഹാപ്രഭു അവിടെനിന്നു വാരാണസിയിലുമെത്തി. അവിടെ അദ്ദേഹം ചന്ദ്രശേഖരന്റെ വീട്ടിൽ താമസിക്കുകയും തപനമിശ്രൻ്റെ ഗൃഹത്തിൽനിന്നു ദൈനംദിന ഭിക്ഷ സ്വീകരിക്കുകയും ചെയ്തു. ഇവിടെയാണ് സനാതന ഗോസ്വാമി അദ്ദേഹത്തോടു ചേരുകയും രണ്ടു മാസക്കാലം ആദ്ധ്യാത്മികവിഷയങ്ങളിൽ ശിക്ഷണം നേടുകയും ചെയ്തത്. ചൈതന്യൻ രൂപനും സനാതനും നൽകിയ ശിക്ഷണത്തെ സംബന്ധിച്ച വിശദവിവരങ്ങൾ ജീവചരിത്രകാരന്മാർ, വിശേഷിച്ച് കൃഷ്ണദാസകവിരാജൻ നമുക്ക് ലഭ്യമാക്കിയിട്ടുണ്ട്. കൃഷ്ണാദാസൻ ഒരു സമകാലീന ഗ്രന്ഥകാരനായിരുന്നില്ല. അദ്ദേഹം താൻ നൽകിയ വിവരങ്ങൾ മഹാപ്രഭുവിൻ്റെ നേരിട്ടുള്ള ശിഷ്യരായിരുന്ന ഗോസ്വാമികളിൽനിന്ന് ശേഖരിക്കുകയാണ് ചെയ്തത്. സനാതനന്റേയും രൂപന്റെയും മരുമകൻ ‘സത് സന്ദർഭം’ എന്ന അമൂല്യ ഗ്രന്ഥം നമു ക്കായി നൽകിയിട്ടുള്ള ആളുമായ ജീവഗോസ്വാമി തൻ്റെ മഹാനായ നായകന്റെ അനുശാസനങ്ങളെപ്പറ്റി തത്വചിന്തനം നടത്തിയിട്ടുണ്ട്. ആ മഹാന്മാരായ എഴുത്തു കാരുടെ ഗ്രന്ഥങ്ങളിൽ നിന്നാണ് നാം ചൈതന്യൻ്റെ ധാർമ്മികോപദേശങ്ങൾ ശേഖരിക്കുകയും സംഗ്രഹിക്കുകയും ചെയ്തിട്ടുള്ളത്.
വാരണാസിയിലായിരുന്നപ്പോൾ എല്ലാ സന്യാസികളേയും ആതിഥ്യ സത്കാരങ്ങൾക്കായി ക്ഷണിച്ച ഒരു മഹാരാഷ്ട്ര ബ്രാഹ്മണൻ്റെ വസതിയിൽ വച്ച് ആ പട്ടണത്തിലെ വിദ്വാന്മാരായ സന്യാസിമാരുമായി മഹാപ്രഭു ഒരു കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയിൽ ചൈതന്യൻ ഒരു അദ്ഭുതകൃത്യം പ്രദർശിപ്പിച്ചു. അത് എല്ലാ സന്യാസികളേയും അതിലേക്കാകർഷിക്കുകയുണ്ടായി. തുടർന്നു വാദ പ്രതിവാദങ്ങൾ നടന്നു. ആ സംന്യാസികളുടെ തലവൻ അവരുടെ പാണ്ഡിത്യപ്രകർഷമുള്ള നേതാവായ പ്രകാശാനന്ദ സരസ്വതിയായിരുന്നു. ഒരു ഹ്രസ്വമായ വാദത്തിനുശേഷം അവർ മഹാപ്രഭുവിന് കീഴടങ്ങുകയും തങ്ങൾ ശങ്കരാചാര്യരുടെ ഭാഷ്യങ്ങളാൽ വഴിതെറ്റിക്കപ്പെട്ടുപോയിരുന്നു എന്ന് സമ്മതിക്കുകയും ചെയ്തു. വലിയ പണ്ഡിതൻമാർക്കു പോലും ചൈതന്യനെ എതിർക്കുക സാധ്യമല്ലായിരുന്നു. എന്തുകൊണ്ടെന്നാൽ അവരുടെ ഹൃദയങ്ങളെ സ്പർശിക്കുകയും തങ്ങളുടെ ആദ്ധ്യാത്മികപുരോഗതിക്കു വേണ്ടി കേണപേക്ഷിക്കുവാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്ന എന്തോ ഒരു മാന്ത്രികശക്തി അദ്ദേഹത്തിലുണ്ടായിരുന്നു. വാരാണാസിയിലെ സന്യാസിമാർ വൈകാതെ ചൈതന്യൻറെ കാൽക്കൽ വീഴുകയും അദ്ദേഹത്തിൻ്റെ കൃപയ്ക്കായി പ്രാർത്ഥിക്കുകയും ചെയ്തു. ഇത് വിഭാഗീയ ചിന്തകൾ വെടിയുവാൻ അവരെ നിർബദ്ധരാക്കി. സംന്യാസിമാരുടെ ആശ്ചര്യകരമായ പരിവർത്തനത്തെ തുടർന്ന് വാരാണസിയിലെ ജനത ഒന്നാകെ വൈഷ്ണവരായിത്തീർന്നു. അവർ തങ്ങളുടെ പുതിയ ഗുരുവിനോടൊപ്പം ഒരു വമ്പിച്ച സങ്കീർത്തനപരിപാടി നടത്തി. സനാതനനെ വൃന്ദാവനത്തിലേക്കയച്ചശേഷം മഹാപ്രഭു തൻ്റെ സഖാവായ ബലഭന്ദ്രനുമൊത്ത് വനങ്ങളിലൂടെ വീണ്ടും പുരിയിലേക്കുപോയി. പുരിയിലേക്കു പോകും വഴി മഹാപ്രഭു കടുവകളേയും ആനകളേയും കൃഷ്ണനാമ ശ്രവണത്തിൽ നൃത്തം ചെയ്യിക്കുന്നതു പോലെയുള്ള ഒട്ടേറെ അദ്ഭുതകൃത്യങ്ങൾ ചെയ്തതായി ബലഭന്ദ്രൻ പ്രസ്താവിച്ചിട്ടുണ്ട്.
ഈ കാലം മുതൽ അതായത് അദ്ദേഹത്തിൻ്റെ മുപ്പത്തിയൊന്നാം വയസ്സുമുതൽ, നാല്പത്തിയെട്ടാം വയസ്സിൽ ടോട്ടാ ഗോപിനാഥക്ഷേത്രത്തിൽ സങ്കീർത്തന വേളയിലെ തൻ്റെ തിരോദ്ധാനം വരെ മഹാപ്രഭു മിക്കവാറും തുടർച്ചയായി പുരി യിൽ കാശി മിശ്രയുടെ വീട്ടിലാണു വസിച്ചിരുന്നത്. ഈ പതിനെട്ടു സംവത്സരക്കാലത്തെ അദ്ദേഹത്തിൻ്റെ ജീവിതം ഉറച്ച പ്രേമത്തിൻ്റെയും ഭക്തിയുടേതുതുമായിരുന്നു. അദ്ദേഹം അസംഖ്യം അനുയായികളാൽ വലയം ചെയ്യപ്പെട്ടിരുന്നു. അവരെല്ലാം തന്നെ ഏറ്റവും ഉന്നതനിലയിലുള്ള വൈഷ്ണവരും തങ്ങളുടെ പരമ പരിശുദ്ധമായ സ്വഭാവത്താലും പാണ്ഡിത്യത്താലും അടിയുറച്ച ധാർമ്മിക വിശ്വാസ പ്രമാണങ്ങളാലും രാധാ-കൃഷ്ണന്മാരിലുള്ള ആധ്യാത്മിക പ്രേമത്താലും സാധാരണ ജനങ്ങളിൽ നിന്നു വേറിട്ടുനിൽക്കുന്നവരുമായിരുന്നു. മഹാപ്രഭു നാദിയായിലായിരുന്നപ്പോൾ പുരുഷോത്തമാചാര്യൻ എന്നറിയപ്പെട്ടിരുന്ന സ്വരൂപദാമോദരൻ വാരാണസിയിൽവച്ച് അദ്ദേഹത്തോടൊത്തു ചേരുകയും അദ്ദേഹത്തിൻ്റെ കാര്യദർശിയായുള്ള അഥവാ സെക്രട്ടറി ആയി സേവനം ഏറ്റെടുക്കുകയും ചെയ്തു. സ്വരൂപൻ പരിശുദ്ധമെന്നും പ്രയോജനകരമെന്നും അംഗീകരിക്കാതെ ഒരു കവിയുടേയും തത്വചിന്തകന്റെയും കൃതി മഹാപ്രഭുവിൻ്റെ മുമ്പാകെ സമർപ്പിക്കുവാൻ കഴിയുമായിരുന്നില്ല. രായരാമാനന്ദനായിരുന്നു അദ്ദേഹത്തിൻ്റെ രണ്ടാമത്തെ സഹചാരി. മഹാപ്രഭു ഒരു നിശ്ചി താരാധനാവിഷയത്തിൽ തൻ്റെ വികാരങ്ങൾ പ്രകടമാക്കുമ്പോൾ അദ്ദേഹവും സ്വരൂപനും ഒരുമിച്ചു പാടുമായിരുന്നു. ധർമ്മസംബന്ധമായ കാര്യങ്ങളിൽ അദ്ദേഹത്തിൻ്റെ മന്ത്രി പരമാനന്ദപുരിയായിരുന്നു. മഹാപ്രഭു കുറച്ച് മാത്രമേ ഉറങ്ങിയിരുന്നുള്ളു. അദ്ദേഹത്തിൻ്റെ വൈകാരികഭാവങ്ങൾ രാവും പകലും അദ്ദേ ഹത്തെ ആധ്യാത്മികതയുടെ നഭോമണ്ഡലത്തിൽ ബഹുദൂരം നയിച്ചിരുന്നു. അദ്ദേഹത്തിൻ്റെ ആരാധകരും ശിഷ്യന്മാരുമെല്ലാം സർവ്വദാ അദ്ദേഹത്തെ നിരീക്ഷിച്ചുകൊണ്ടിരുന്നു. അദ്ദേഹം ഈശ്വരാരാധന നടത്തുകയും വ്യന്ദാവനത്തിലുള്ള തൻ്റെ പ്രചാരകരുമായി വാർത്താവിനിമയം നടത്തുകയും പുതിയതായി തന്നെ കാണാനെത്തിയ ഭക്തജനങ്ങളുമായി സംഭാഷണത്തിലേർപ്പെടുകയും ചെയ്തിരുന്നു. അദ്ദേഹം പാടുകയും നൃത്തം വയ്ക്കുകയും ചെയ്തു. സ്വന്തം സുഖസൗകര്യങ്ങളിൽ തത്പരനായിരുന്നില്ല. പലപ്പോഴും ഭക്തിപരമായ നിർവൃതിയിൽ സ്വയം മറന്നിരുന്നു. അദ്ദേഹത്തിൻ്റെയടുത്തു വന്നവരെല്ലാം അദ്ദേഹത്തെ മനുഷ്യ നന്മയ്ക്കായി ഭൗതിക ലോകത്തിൽ അവതരിച്ചിരിക്കുന്ന സമഗ്രസൗന്ദര്യമൂർത്തിയായ ഭഗവാനായി വിശ്വസിച്ചിരുന്നു. എല്ലാകാലത്തും അദ്ദേഹം തൻ്റെ അമ്മയെ സ്നേഹിക്കുകയും നാദിയായിലേക്കുപോയവരുടെ പക്കൽ ഇടയ്ക്കിടക്ക് അമ്മയ്ക്കായി മഹാപ്രസാദം കൊടുത്തയക്കുകയും ചെയ്തിരുന്നു. അദ്ദേഹം അങ്ങേയറ്റം സ്നേഹ ശീലനായിരുന്നു. എളിമ അദ്ദേഹത്തിൽ മൂർത്തീഭവിച്ചിരുന്നു. അദ്ദേഹത്തിൻ്റെ മധുരരൂപം അദ്ദേഹവുമായി സമ്പർക്കത്തിലേർപ്പെട്ട ഏവരേയും ആനന്ദ തുന്ദിലരാക്കി. അദ്ദേഹം നിത്യാനന്ദപ്രഭുവിനെ ബംഗാളിലെ കാര്യങ്ങൾ നോക്കുവാനുള്ള മതപ്രചാരകനായി നിയോഗിച്ചു. ഗ്രാമമേഖലയിൽ ഭഗവദ് പ്രേമസന്ദേശം പ്രചരിപ്പിക്കുവാനായി അദ്ദേഹം തൻ്റെ ആറു ശിഷ്യന്മാരെ (ഗോസ്വാമിമാരെ) വൃന്ദാവനത്തിലേക്കയച്ചു. പരിശുദ്ധ ജീവിതത്തിൽനിന്നു വ്യതിചലിച്ച സ്വശിഷ്യന്മരെയെല്ലാം അദ്ദേഹം ശിക്ഷയ്ക്കു വിധേയരാക്കി. ചോട്ടാ ഹരിദാസൻ്റെ കാര്യത്തിൽ അദ്ദേഹം അത് ശ്രദ്ധേയമാംവിധം നടപ്പാക്കുകയുണ്ടായി. തൻ്റെ ഉപദേശം തേടിയെത്തിയവർക്കു ശരിയായ ജീവിതശിക്ഷണം നൽകുന്നതിൽ അദ്ദേഹം ഒരിക്കലും വീഴ്ച വരുത്തിയില്ല. അദ്ദേഹം രഘുനാഥ ഗോസ്വാമിക്കുനൽകിയ ഉപദേശങ്ങളിൽ നിന്നു ഇതു കാണാവുന്നതാണ്. സീനിയർ ഹരിദാസനോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം അദ്ദേഹം ആധ്യാത്മികവിശ്വാസികളായ മനുഷ്യരെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്നും ആത്മീയ സാഹോദര്യത്തിൽ അദ്ദേഹം ജാതിവിവേചനത്തെ എങ്ങനെ നിരാകരിച്ചു എന്നും വ്യക്തമാക്കുന്നു.
🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ