പാർവതീ ദേവി മഹാദേവനോട് ചോദിച്ചു “പ്രിയ മഹാദേവാ, അങ്ങ് ശ്രീ കൃഷ്ണ ഭഗവാനെക്കുറിച്ചുള്ള പരമ സത്യമായ എത്രയോ കാര്യങ്ങളെ കുറിച്ച് എനിക്ക് വിവരിച്ചു തന്നിരിക്കുന്നു. അതിനാൽ ഇപ്പോൾ ഞാൻ അദ്ദേഹത്തിന്റെ മഹിമകളെ കുറിച്ച് കൂടുതൽ ശ്രവിക്കുവാൻ അതിയായി ആഗ്രഹിക്കുന്നു, പ്രത്യേകിച്ചും ഭഗവാൻ തന്റെ സുഹൃത്തായ അർജുനന് നൽകിയ ഉപദേശങ്ങളെ കുറിച്ചറിയുവാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് ഉറച്ച വിശ്വാസമുണ്ട്, ആ ദിവ്യ സംവാദത്തെക്കുറിച്ച് എന്തെങ്കിലുമൊന്ന് ശ്രവിച്ചാൽ പോലും പരമ ദിവ്യോത്തമ പുരുഷനോടുള്ള എന്റെ ഭക്തി വർധിക്കുമെന്ന്.”
മഹാദേവൻ മറുപടി പറഞ്ഞു, “നിനക്ക് അറിയാവുന്നതു പോലെ തന്നെ, യഥാർത്ഥ സൃഷ്ടികർത്താവായ ശ്രീ കൃഷ്ണ ഭഗവാൻ, ഭഗവാൻ വിഷ്ണു എന്ന് കൂടി അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ ശരീരം കാർമേഘത്തിന്റെ നിറത്തിൽ കാണപ്പെടുന്നു. അദ്ദേഹം അനന്തശേഷൻ എന്ന ആയിരം തലകളുള്ള ദിവ്യ നാഗത്തിന്റെ മൃദു ശരീരത്തിൽ ശയിക്കുന്നു. അങ്ങനെ അളവറ്റ മഹിമകൾക്ക് അധിപതിയായിട്ടുള്ള ഭഗവാൻ വിഷ്ണുവിനെ ഞാൻ നിത്യവും ആരാധിക്കുന്നു.”
“എന്റെ പ്രിയ പാർവതി ദേവീ, വളരെ കാലങ്ങൾക്ക് മുൻപ് ഭഗവാൻ വിഷ്ണു , മുര എന്ന അസുരനെ വധിച്ചതിനു ശേഷം അനന്തശേഷന്റെ മുകളിൽ വിശ്രമിക്കുകയായിരുന്നു. അപ്പോൾ ഭാഗ്യ ദേവതയായ ലക്ഷ്മീ ദേവി അദ്ദേഹത്തെ സമീപിച്ചു. അദ്ദേഹത്തിന്റെ പ്രശാന്തവും ദിവ്യഭാവത്തോടെയുമുള്ള മന്ദസ്മിതം തൂകുന്ന മുഖം ദർശിച്ച മാത്രയിൽ ലക്ഷ്മീ ദേവി ആരാഞ്ഞു. “എന്റെ പ്രിയ ഭഗവാനേ, സൃഷ്ടിക്കപ്പെട്ട എല്ലാ പ്രപഞ്ചങ്ങളുടെയും നിയന്ത്രണത്തിന്റെയും പരിപാലനത്തിന്റെയും ഉത്തരവാദിത്വം അങ്ങയിലാണ് നിക്ഷിപ്തമായിരിക്കുന്നത്. എങ്കിൽ പോലും ഞാൻ അങ്ങയെ ദർശിക്കുമ്പോഴൊക്കെ അങ്ങ് ആനന്ദപൂർവം ക്ഷീര സാഗരത്തിൽ നിദ്രയിലേർപ്പെടുന്നതായി കാണപ്പെടുന്നു. എങ്ങനെയാണിത് സംഭവ്യമാകുന്നത്?”
ഭഗവാൻ വിഷ്ണു തന്റെ കമലനയനങ്ങൾ വിടർത്തിക്കൊണ്ട് മറുപടി പറഞ്ഞു “എന്റെ പ്രിയ ലക്ഷ്മീ, ഞാൻ നിദ്രയിൽ ആണ്ടതായി കാണപ്പെടുന്നുവെങ്കിലും, യഥാർത്ഥത്തിൽ ഞാൻ എന്റെ ദിവ്യ ശക്തികളുടെ ക്രീഡകൾ ആസ്വദിക്കുകയാണ്. ഞാൻ എന്റെ അപരിമേയമായ ശക്തിയാൽ എല്ലാ വസ്തുക്കളെയും നിയന്ത്രിക്കുന്നു, അതേസമയം ഞാൻ ഇവയിൽ നിന്നൊക്കെ ഒഴിഞ്ഞു നിൽക്കുന്നു, ഇവയൊന്നും എന്നെ ബാധിക്കുന്നുമില്ല. എന്റെ ദിവ്യ കർമ്മങ്ങളെ കുറിച്ച് സ്മരിക്കുന്ന മാത്രയിൽ യോഗികളും ഭക്തന്മാരും ജനന മരണ ചക്രത്തിൽ നിന്നും മോചിക്കപ്പെടുകയും, ശാശ്വതവും ക്ലേശരഹിതവുമായ ആത്മീയ ജീവിതത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു.”
“ജനന മരണങ്ങൾ നിറഞ്ഞ ഈ ലോകങ്ങളിലെ പതിതാത്മാക്കളെ തളച്ചിടുന്ന എന്റെ യോഗ ശക്തികളെ മറികടക്കുക എന്നത് വളരെ ദുഷ്കരമാണ്. എങ്കിലും ആരൊക്കെ പരിശുദ്ധമായ ബുദ്ധി വളർത്തിക്കൊണ്ട് എന്നിൽ പ്രേമപൂർവ്വം ഭക്തിയുത സേവനത്തിൽ ഏർപ്പെടുന്നുവോ, അവർക്ക് യഥാർത്ഥ സ്വാതന്ത്രത്തിന്റെ പാത തുറന്നിരിക്കുന്നു. ഈ ശാസ്ത്രത്തിന്റെ ജ്ഞാനം ഭഗവദ് ഗീതയിലെ ദിവ്യ വചസ്സുകളിൽ മുഴുവനായി വ്യക്തമാക്കിയിരിക്കുന്നു.”
ലക്ഷ്മീ ദേവി പറഞ്ഞു, “എന്റെ ഭഗവാനേ, ഭഗവദ് ഗീതയിലെ അങ്ങയുടെ വാക്കുകൾ എങ്ങനെയാണ് ഒരുവനെ അങ്ങയുടെ ദൈവിക പ്രകൃതിയെ മനസ്സിലാക്കുന്ന തലത്തിലേക്ക് ഉയർത്തുന്നതെന്ന് വിശദീകരിച്ചാലും.
ഭഗവാൻ വിഷ്ണു മറുപടി പറഞ്ഞു, ദേവീ, “ഞാൻ നിനക്ക് ഇത് വിശദീകരിച്ചു തരാം, പക്ഷെ മനസ്സിലാക്കുക, ഈ ഭഗവദ് ഗീത സ്വയം ഞാൻ തന്നെയാണ്, എന്റെ അഞ്ചു തലകൾ ആദ്യത്തെ അഞ്ച് അധ്യായങ്ങളായി പ്രത്യക്ഷപ്പെടുന്നു. എന്റെ പത്ത് കൈകൾ അടുത്ത പത്ത് അധ്യായങ്ങളും എന്റെ ഉദരം പതിനാറാം അദ്ധ്യായവും, അവസാനത്തെ രണ്ട് അദ്ധ്യായങ്ങൾ എന്റെ രണ്ട് പാദ പത്മങ്ങളുമാകുന്നു.
ഈ വിധത്തിൽ ഭഗവദ് ഗീത എന്ന ഭഗവദ് വിഗ്രഹത്തെ മനസിലാക്കാം. ഭഗവദ് ഗീത എല്ലാ പാപങ്ങളെയും ഇല്ലാതാക്കുന്നു. ദിവസേന ഒരു അദ്ധ്യായമോ, ഒരു ശ്ലോകമോ, ഒരു പകുതി ശ്ലോകമോ, ഒരു ശ്ലോകത്തിന്റെ കാൽ ഭാഗമോ വായിക്കുന്ന ഒരു വ്യക്തി എല്ലാ പരിപൂർണതയും നേടുന്നു.” ഇപ്രകാരം ഗീതാ മാഹാത്മ്യം ആരംഭിക്കുന്നു.”
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ