പണ്ടൊരിക്കൽ പ്രയാഗാവനത്തിൽ ഒരു വേടനുണ്ടായിരുന്നു. അയാൾക്ക്, ഭഗവാൻ നാരായണനെ സന്ദർശിച്ചശേഷം വൈകുണ്ഠത്തിൽ നിന്നു മടങ്ങിവരുന്ന നാരദമുനിയെ കണ്ടുമുട്ടുവാനുള്ള ഭാഗ്യമുണ്ടായി. നാരദൻ ഗംഗാ യമുനാ സംഗമത്തിൽ സ്നാനം ചെയ്യുന്നതിനാണ് പ്രയാഗയിൽ വന്നത്. വനത്തിൽ കൂടി നടന്നു പോകുമ്പോൾ ഒരു പക്ഷി നിലത്തുവീണു കിടക്കുന്നതു നാരദൻ കണ്ടു. അമ്പേറ്റ് അർദ്ധപ്രാണനായിരുന്ന ആ പക്ഷി ദയനീയമാംവിധം ശബ്ദിച്ചുകൊണ്ടിരുന്നു. കുറേക്കൂടി മുന്നോട്ട് ചെന്നപ്പോൾ ഒരു മാൻ അതി വേഗതയോടെ പിടയുന്നതു കണ്ടു. അതിന്നപ്പുറം ഒരു പന്നിയും വേദനയനുഭവിക്കുന്നതദ്ദേഹം കണ്ടു. മറ്റൊരിടത്ത് അദ്ദേഹം വേദനകൊണ്ടു പിടയുന്ന ഒരു മുയലിനേയും കണ്ടു. ഇതെല്ലാം അദ്ദേഹത്തെ ഒരു സഹതാപവിവശനാക്കി. അദ്ദേഹം ചിന്തിച്ചു: “ഈ വിധത്തിലുള്ള പാപങ്ങൾ ചെയ്ത മൂഢനായ മനുഷ്യൻ ആരാണ്? ഭഗവദ്ഭക്തൻമാർ പൊതുവേ വളരെ ഭൂതദയയുള്ളവരാണ്, മഹർഷിയായ നാരദന്റെ കാര്യം പിന്നെ പറയേണ്ടതുണ്ടോ? അദ്ദേഹം ആ രംഗം കണ്ട് വളരെ ശോകാകുലരായി ഏതാനും അടി മുന്നോട്ടു ചെന്നപ്പോൾ അദ്ദേഹം വില്ലുമമ്പുമായി വേട്ടയാടുന്ന വേടനെ കണ്ടു.ആ വേടന്റെ മുഖം വളരെ ഇരുണ്ടതും കണ്ണുകൾ ചുവന്നതുമായിരുന്നു. യമരാജൻ, മൃത്യുവിന്റെ ഒരു കൂട്ടാളിയെപ്പോലെ കാണപ്പെട്ട അവൻ തന്റെ വില്ലും അമ്പുകളുമായി നിൽക്കുന്നതു കാണുന്നതുതന്നെ അപകടകരമായിത്തോന്നി. അവനെ കണ്ടിട്ട് നാരദമുനി അവന്റെ അടുത്തെത്തുവാനായി വനത്തിന്റെ ഉള്ളിലേക്കു കടന്നു. വലയിൽപ്പെട്ടിരുന്ന മൃഗങ്ങളെല്ലാം ഓടിരക്ഷപ്പെട്ടു. ആ വേടൻ ഇതു കണ്ട് വളരെ കുപിതനായി, അയാൾ നാരദനെ ചീത്തപറയാൻ തുനിഞ്ഞെങ്കിലും പുണ്യാത്മാവായ നാരദന്റെ പ്രഭാവത്താൽ ആ വേടന് അത്തരത്തിലുള്ള സജ്ജനനിന്ദനമൊഴികൾ ഉച്ചരിക്കുവാൻ കഴിഞ്ഞില്ല. മറിച്ച് – സൗമ്യമായ പെരുമാറ്റത്തോടെ അയാൾ നാരദനോടു ചോദിച്ചു: “പ്രിയപ്പെട്ട ശ്രീമൻ, അങ്ങെന്തിനാണ് ഞാൻ വേട്ട നടത്തിക്കൊണ്ടിരിക്കുമ്പോൾ ഇവിടെ വന്നത്? അങ്ങ് വഴിതെറ്റി വന്നതാണോ? അങ്ങിവിടെ വന്നതുനിമിത്തം എന്റെ കെണിയിൽ പെട്ടിരുന്ന ജന്തുക്കളെല്ലാം കടന്നു കളഞ്ഞല്ലോ.
“അതേ, ഞാൻ ദുഃഖിക്കുന്നു, നാരദൻ മറുപടി പറഞ്ഞു. ഞാൻ എന്റെ വഴി കണ്ടുപിടിക്കുവാനും നിന്നോടതുചോദിച്ചറിയുവാനുമാണ് വന്നത്. വഴിയിൽ ധാരാളം പന്നികളേയും മാനുകളേയും മുയലുകളേയും ഞാൻ കണ്ടു. അവയൊക്കെ അർധപ്രാണങ്ങളായി പിടഞ്ഞുകൊണ്ട് കാട്ടുനിലത്തുകിടക്കു കയാണ്. ഈ പാപകർമ്മങ്ങൾ ചെയ്തതാരാണ്?
“അങ്ങ് കണ്ടതൊക്കെ ശരി തന്നെ. ഞാനാണ് അതു ചെയ്തത് “ആ വേടൻ മറുപടി പറഞ്ഞു.
“നീ ഈ പാവപ്പെട്ട മൃഗങ്ങളെയെല്ലാം വേട്ടയാടുകയാണെങ്കിൽ, എന്തു – ( കൊണ്ടാണവയെ ഉടൻ കൊല്ലാത്തത്? നീ അവയെ പകുതി കൊല്ലുകയും അവ മരണവേദനയാൽ കഷ്ടപ്പെടുകയും ചെയ്യുന്നു. ഇതൊരു വലിയ പാപമാണ്. നിനക്കൊരു മൃഗത്തെ കൊല്ലണമെങ്കിൽ, എന്തുകൊണ്ടതിനെ പൂർണ്ണമായി കൊല്ലുന്നില്ല. എന്തിനാണു നീയവയെ പകുതി കൊന്നിടുകയും അവ നൊന്തു പിടഞ്ഞുകിടന്ന ശേഷം മരിക്കുവാൻ ഇടയാക്കുകയും ചെയ്യുന്നത്.”
വേട്ടക്കാരൻ ഇങ്ങനെ മറുപടി പറഞ്ഞു: “പ്രിയപ്പെട്ട പ്രഭോ, എന്റെ പേര് മൃഗാരി, മൃഗങ്ങളുടെ ശത്രു എന്നാണ്. മൃഗങ്ങളെ പകുതികൊന്ന് അവ പിടച്ചടിക്കുന്ന നിലയിലിടുവാൻ എന്നെ ഉപദേശിച്ച എന്റെ പിതാവിന്റെ ഉപദേശ ങ്ങൾ ഞാൻ അനുസരിക്കുകയാണ്. പകുതി മരിച്ച ഒരു മൃഗം വേദനയനും വിക്കുമ്പോൾ ഞാനതിൽ വളരെ ആനന്ദിക്കുന്നു.
നാരദൻ സവിനയം അഭ്യർഥിച്ചു: “എനിക്ക് നിന്നോടു ഒരപേക്ഷയേയുണ്ട് ദയവായി അതു സ്വീകരിക്കുക.
വേടൻ മറുപടി പറഞ്ഞു, “അങ്ങനെയാകട്ടെ ശ്രീമൻ, അങ്ങേയ്ക്കു വേണ്ടതെന്താണെങ്കിലും, ഞാനതു തരാം. അങ്ങേതെങ്കിലും മൃഗത്തിന്റെ തോലുകൾ വേണമെങ്കിൽ എന്റെ വീട്ടിലേക്കു വരുക. എന്റെ കൈവശം പുലിയും മാനുമുൾപ്പടെയുള്ള പല മൃഗങ്ങളുടേയും തോലുകളുണ്ട്. ഏതു വേണമെങ്കിലും ഞാൻ അങ്ങേയ്ക്ക് തരാം.
നാരദൻ പ്രതിവചിച്ചു, “എനിക്കതൊന്നും വേണ്ടാ, പക്ഷേ, മറ്റൊന്നു വേണം താനും. നീ ദയവായി അതെനിക്കു നൽകാമെങ്കിൽ, ഞാൻ പറയാം മേലിൽ നാളെ മുതൽക്കു തന്നെ, നീ ഒരു മൃഗത്തെ കൊല്ലുമ്പോഴൊക്കെ ദയവായി അതിനെ പൂർണ്ണമായി കൊല്ലുക. അതിന്റെ പകുതി കൊന്നിട്ടേക്കാ തിരിക്കുക.
“പ്രിയപ്പെട്ട ശ്രീമൻ, അങ്ങെന്നോടെന്താണാവശ്യപ്പെടുന്നത്? ഒരു മൃഗത്തെ പകുതി കൊല്ലുന്നതും അതിനെ പൂർണ്ണമായും കൊല്ലുന്നതും തമ്മിൽ എന്താണു വിത്യാസം? നാരദൻ വിവരിച്ചു കൊടുത്തു, “നീ മൃഗങ്ങളെ പകുതി കൊന്നിട്ടാൽ അവ വലിയ വേദന അനുഭവിക്കുന്നു. അങ്ങനെ നീ മറ്റു ജീവസത്തകൾക്കു വളരെയധികം വേദനയുണ്ടാക്കിയാൽ, നീ വലിയ പാപം ചെയ്യുകയാണ്. ഒരു മൃഗത്തെ പൂർണ്ണമായി വധിക്കുമ്പോഴും നീ വലിയ തെറ്റു തന്നെയാണു ചെയ്യുന്നത്, എന്നാൽ അതിന്റെ പകുതി കൊല്ലുമ്പോൾ തെറ്റ് വളരെ കൂടുതലാകുന്നു. വാസ്തവത്തിൽ, നീ പകുതി വധിച്ചിട്ട മൃഗങ്ങൾക്കുണ്ടാകുന്ന വേദന വരാനിരിക്കുന്ന ഒരു ജന്മത്തിൽ നീ അനുഭവിക്കേണ്ടി വരും.
ആ വേടൻ വലിയ പാപിയായിരുന്നു എങ്കിലും, നാരദനെപ്പോലെയുള്ള ഒരു ഭക്തനുമായുള്ള സംസർഗത്താൽ അവന്റെ ഹൃദയം മൃദുലമാകുകയും അവൻ തന്റെ പാപങ്ങളെപ്പറ്റി സംഭീതനായിത്തീരുകയും ചെയ്തു. പാപികളായവർക്ക് പാപം ചെയ്യുന്നതിൽ ഭയം തോന്നാറേയില്ല. എന്നാൽ ഇവിടെ ഈ വേടന്റെ ശുദ്ധീകരണം നാരദനെപ്പോലെയുള്ള ഒരു മഹാഭക്തന്റെ സംസർഗ്ഗത്തോടെ ആരംഭിച്ചതിനാലാണ് അയാൾ തന്റെ പാപകർമ്മങ്ങളെ സംബന്ധിച്ചു ഭയാകുലനായതെന്നു നമുക്കു കാണുവാൻ കഴിയും. പാപഭീതിയുണ്ടാകയാൽ ആ വേടൻ ഇങ്ങനെ മറുപടി പറഞ്ഞു. “പ്രിയപ്പെട്ട ശ്രീമൻ, എന്റെ കുട്ടിക്കാലം മുതൽക്കുതന്നെ മൃഗങ്ങളെ ഈ വിധത്തിൽ കൊല്ലുവാനാണു ഞാൻ പഠിപ്പിക്കപ്പെട്ടിട്ടുള്ളത്. ഞാൻ സഞ്ചയിച്ചു കഴിഞ്ഞിട്ടുള്ള അപരാധങ്ങളും പാപകർമ്മങ്ങളും എങ്ങനെ നിർമ്മാർജനം ചെയ്യാമെന്ന് എനിക്കു പറഞ്ഞ് തന്നാലും. ഞാൻ അങ്ങയുടെ പാദങ്ങളെ ശരണം പ്രാപിക്കുന്നു. ഞാൻ കഴിഞ്ഞകാലത്തു ചെയ്തിട്ടുള്ള എല്ലാ പാപങ്ങളുടേയും ദോഷഫലങ്ങളിൽനിന്ന് എന്നെ രക്ഷിക്കണേ, എന്നിട്ട് എനിക്കു മോചനം ലഭിക്കത്തക്ക വിധം എന്നെ നേർവഴിയിലേക്ക് നയിക്കണേ!’ “
നാരദമഹർഷി പറഞ്ഞു.നീ യഥാർഥത്തിൽ എന്റെ നിർദ്ദേശങ്ങൾ സ്വീകരിക്കുവാൻ ഇച്ഛിക്കുന്നുവെങ്കിൽ, പാപഫലങ്ങളിൽനിന്നു രക്ഷപ്രാപിക്കുവാനുള്ള ശരിയായ മാർഗ്ഗം ഞാൻ നിനക്കു പറഞ്ഞു തരാം.
“അങ്ങു പറയുന്നതെന്തും ഞാൻ ഇടർച്ച കൂടാതെ അനുസരിക്കാം. ആ വേടൻ സമ്മതിച്ചു. അയാൾ തന്റെ വില്ല് ഒടിച്ചുകളയണമെന്നും അതിനുശേഷം മാത്രമേ താൻ അയാൾക്കു മുക്തിമാർഗ്ഗം വെളിവാക്കിക്കൊടുക്കുകയുള്ളൂ എന്നും നാരദൻ അയാളോടു പറഞ്ഞു. “അങ്ങ് എന്നോടു എന്റെ വില്ലൊടിച്ചുകളയുവാൻ ആവശ്യപ്പെടുന്നു വേടൻ പ്രതിഷേധം പ്രകടിപ്പിച്ചു. പക്ഷെ ഞാനിതൊടിച്ചാൽ പിന്നെ എന്തായിരിക്കും എന്റെ ഉപജീവനമാർഗ്ഗം?”
നാരദൻ പറഞ്ഞു “നീ നിന്റെ ഉപജീവനമാർഗ്ഗത്തെക്കുറിച്ച് ഉത്കണ്ഠപ്പെടേണ്ട. ഞാൻ നിനക്ക് ജീവിക്കുവാൻ വേണ്ടത്ര ധാന്യങ്ങൾ എത്തിച്ചുതരാം.
അപ്പോൾ ആ വേടൻ തന്റെ വില്ല് ഒടിച്ചുകളഞ്ഞിട്ട് നാരദന്റെ കാൽക്കൽ വീണു. നാരദൻ അയാളെ എഴുന്നേൽപ്പിച്ചിട്ട് ഇങ്ങനെ ഉപദേശിച്ചു. “ഇപ്പോൾ തന്നെ നിന്റെ വീട്ടിലേക്കു പോയി നിന്റെ പക്കലുള്ള പണവും വിലപിടിച്ച വസ്തുക്കളുമെല്ലാം ഭക്തന്മാർക്കും ബ്രാഹ്മണർക്കുമായി വീതിച്ചു കൊടുക്കുക. പിന്നെ പുറത്തുവന്ന് ഒറ്റവസ്ത്രം മാത്രം ധരിച്ചുകൊണ്ട് എന്നെ പിന്തുടരുക. നദിക്കരയിൽ ഒരു ചെറിയ പുൽക്കുടിൽ നിർമ്മിച്ച് അതിന്റെ സമീപം ഒരു തുളസിച്ചെടി നട്ടുവളർത്തുക. ആ തുളസിച്ചെടിക്കു പ്രദക്ഷിണം വച്ചിട്ട്, ദിവസം തോറും അതിന്റെ പൊഴിഞ്ഞുവീണ ഒരില വീതം ഭക്ഷിക്കുക.എല്ലാറ്റിലും മുഖ്യമായി ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ/ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ എന്ന് സദാ കീർത്തനം ചെയ്യുക. നിന്റെ അഷ്ടിയെ സംബന്ധിച്ചിടത്തോളം, ഞാൻ നിനക്ക് ധാന്യങ്ങൾ എത്തിച്ചു തരാം, എന്നാൽ നിനക്കും നിന്റെ ഭാര്യക്കും ആവശ്യമുള്ളത്ര ധാന്യം മാത്രമേ സ്വീകരിക്കാവൂ.
നാരദൻ പിന്നെ ആ അർധപ്രാണരായ ജന്തുക്കളെ വിമോചിപ്പിച്ചു, അവ തങ്ങളുടെ ഭയാനകമായ അവസ്ഥയിൽ നിന്ന് മോചനം നേടിയിട്ട്, ഓടിപ്പോയി. നാരദൻ ഈ അദ്ഭുതകൃത്യം നിർവ്വഹിക്കുന്നതുകണ്ട് ആ കറുത്ത വേടൻ ആശ്ചര്യപരതന്ത്രനായി. അയാൾ നാരദന്റെ വീണ്ടും അദ്ദേഹത്തിന്റെ പാദങ്ങളിൽ പ്രണമിച്ചു.
നാരദൻ സ്വസ്ഥാനത്തേക്കു മടങ്ങി. വേടൻ തന്റെ ഗൃഹത്തിൽ തിരിച്ചെത്തിയശേഷം, നാരദൻ തനിക്കു നൽകിയ ഉപദേശങ്ങൾ പ്രാവർത്തികമാക്കി. അതേ സമയം, ആ വേടൻ ഒരു ഭക്തനായിത്തീർന്ന വാർത്ത ഗ്രാമങ്ങളിലും പരന്നു. അതിന്റെ ഫലമായി ആ ഗ്രാമവാസികൾ പുതിയ വൈഷ്ണവനെ കാണുവാനായി വന്നു. ഒരാൾ ഒരു പുണ്യപുരുഷനെ കാണുവാൻ പോകുമ്പോൾ ധാന്യങ്ങളും പഴങ്ങളും കൊണ്ടുപോകുക എന്നത് ഒരു വൈദീകാചാരമാകുന്നു. ആ വേടൻ ഒരു മഹാഭക്തനായി മാറിയതായി എല്ലാ ഗ്രാമീണരും മനസ്സിലാക്കിയതിനാൽ അവരെല്ലാം ഭക്ഷ്യവസ്തുക്കൾ കൂടെക്കൊണ്ടുവന്നു. അങ്ങനെ ഒരോ ദിവസവും പത്തിരുപതാളുകൾക്കും അവിടെ ഭക്ഷണം കഴിക്കുവാൻ വേണ്ടുവോളം ധാന്യങ്ങളും പഴങ്ങളും അയാൾക്ക് കാഴ്ചവയ്ക്കപ്പെട്ടു. നാരദന്റെ ഉപദേശമനുസരിച്ച്, അയാൾ തനിക്കും ഭാര്യയ്ക്കും ജീവസന്ധാരണത്തിന് വേണ്ടതിൽ ഒട്ടും കൂടുതൽ സ്വീകരിക്കുയുണ്ടായില്ല.
കുറേ നാളുകൾ കഴിഞ്ഞ്, നാരദൻ തന്റെ സ്നേഹിതനായ പർവ്വതമുനിയോടു പറഞ്ഞു: “എനിക്കൊരു ശിഷ്യനുണ്ട്. അയാൾക്കു ക്ഷേമ തന്നെയോ എന്ന് ഒന്നുപോയി നോക്കാം.
ആ രണ്ടു മഹർഷിമാരും – നാരദനും പർവ്വതനും, ആ വേടന്റെ ഗൃഹത്തിൽ എത്തിയപ്പോൾ, അയാൾ തന്റെ ആദ്ധ്യാത്മിക ഗുരു വരുന്നതു ദൂരെ നിന്നു കാണുകയും വളരെ ബഹുമാനത്തോടെ അദ്ദേഹത്തിന്റെ സമീപത്തേക്കു ചെല്ലുവാനാരംഭിക്കുകയും ചെയ്തു. ആ മഹർഷിമാരെ സ്വാഗതം ചെയ്യുവാനായി പോകുന്ന വഴിയിൽ അയാളുടെ മുമ്പിലായി നിലത്ത് എറുമ്പുകൾ ഉള്ളതായി അയാൾ കണ്ടു. അവ അയാളുടെ മാർഗ്ഗം തടസ്സപ്പെടുത്തിക്കൊണ്ടു വർത്തിക്കുകയായിരുന്നു. അയാൾ ആ മഹർഷിമാരുടെ അടുത്തെത്തിയപ്പോൾ അവരുടെ മുമ്പാകെ നമസ്ക്കരിക്കുവാൻ തുനിഞ്ഞെങ്കിലും, അവിടെ ധാരാളം എറുമ്പുകൾ ഉണ്ടായിരുന്നതുകൊണ്ട് അവയെ ഞെരിക്കാതെ അയാൾക്ക് നമസ്ക്കരിക്കുവാൻ കഴിയുമായിരുന്നില്ല. അതിനാൽ അയാൾ ആ എറുമ്പുകളെ തന്റെ വസ്ത്രം കൊണ്ടു പതുക്കെ തൂത്തുമാറ്റി. ആ വേടൻ ഈ വിധത്തിൽ ഉറുമ്പുകളുടെ ജീവൻ രക്ഷിക്കുവാൻ ശ്രമിക്കുന്നതു കണ്ടപ്പോൾ നാരദന് സ്കന്ദപുരാണത്തിലെ ഒരു പദ്യം ഓർമ്മ വന്നു. ഭഗവാന്റെ ഒരു ഭക്തൻ ആർക്കും, ഒരെറുമ്പിനുപോലും, ഒരു തരത്തിലുള്ള വേദനയുമുളവാക്കുവാൻ തുനിയാത്തത് ആശ്ചര്യകരമല്ലേ?
ആ വേടൻ മുമ്പ് മൃഗങ്ങളെ അർധപ്രാണരാക്കുന്നതിൽ ആഹ്ലാദിച്ചിരുന്നുവെങ്കിലും, ഭഗവാന്റെ ഒരു മഹാഭക്തനായിനുശേഷം, അയാൾ ഒരെറുമ്പിനുപോലും വേദനയുണ്ടാക്കുവാൻ ഒരുക്കമായിരുന്നില്ല. വേടൻ ആ രണ്ടു മഹർഷിമാരെയും തന്റെ ഗൃഹത്തിലേക്കു സ്വാഗതം ചെയ്തിട്ട് അവർക്ക് ഇരിപ്പിടങ്ങൾ നൽകുകയും വെള്ളം കൊണ്ടുവന്ന് അവരുടെ കാലുകൾ കഴുകുകയും അയാളും ഭാര്യയും ആ ജലം ശിരസ്സിനാൽ സ്പർശിക്കുകയും ചെയ്തു. അവർക്കു കുടിക്കുവാനും കഴിക്കുവാനും വെള്ളം കൊണ്ടുവന്നു കൊടുത്തു. അതിനുശേഷം അവർ ഹർഷോന്മത്തരാകുവാനും നൃത്തം ചെയ്യുവാനും ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ, ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ എന്നു പാടുവാനും തുടങ്ങി. അവർ കൈയ്യുകൾ ഉയർത്തിക്കൊണ്ട് തങ്ങളുടെ വസ്ത്രങ്ങൾ പറന്നു കളിക്കുമാറ് നൃത്തം ചെയ്തു. ആ മഹർഷിമാരിരുവരും ആ വേടന്റെ ശരീരത്തിൽ പ്രകടമായ ഈ ഭഗവത്പ്രേമത്തിന്റെ ഹർഷോന്മാദം കണ്ടപ്പോൾ പർവതിമുനി നാരദനോടു പറഞ്ഞു. “അങ്ങൊരു സ്പർശോപലമാണ്, എന്തുകൊണ്ടെന്നാൽ അങ്ങയുമായുള്ള സംസർഗ്ഗത്തിൽ ഒരു വലിയ വ്യാധൻ പോലും വലിയ ഭക്തനായി പരിണമിച്ചിരിക്കുന്നു.
സ്കന്ദപുരാണത്തിൽ ഇങ്ങനെ പ്രതിപാദിക്കുന്ന ഒരു ശ്ലോകമുണ്ട്. “പ്രിയപ്പെട്ട ദേവർഷ (നാരദ), അങ്ങു മഹാത്മാവാണ്, അങ്ങയുടെ കൃപയാൽ ഏറ്റവും അധഃസ്ഥിതനായ ജീവിയായ ഒരു മൃഗവേട്ടക്കാരൻ പോലും ഭക്തിയുടെ മാർഗത്തിലേക്കുയർത്തപ്പെടുകയും കൃഷ്ണനോടുള്ള ആധ്യാത്മികരാഗം കൈവരിക്കുകയും ചെയ്തു.
ഒടുവിൽ നാരദൻ തന്റെ വ്യാധനായ ശിഷ്യനോടാരാഞ്ഞു. “നിനക്ക് ഭക്ഷ്യവസ്തുക്കൾ പതിവായി കിട്ടുന്നുണ്ടോ? വേടൻ മറുപടി പറഞ്ഞു: “അങ്ങു വളരെയേറെ ആളുകളെ അയയ്ക്കകയും അവർ, ഞങ്ങൾക്ക് ഭക്ഷിക്കുവാൻ കഴിയാത്തതിലധികം ഭക്ഷ്യ സാധനങ്ങൾ കൊണ്ടുവരുകയും ചെയ്യുന്നു.
അതു നല്ലതുതന്നെ. നാരദൻ പ്രതിവചിച്ചു: “നിങ്ങൾക്കു കിട്ടുന്നതെന്തും സ്വീകരിക്കാം. ഇനിയും നിന്റെ ഭക്തിയുതസേവനം അങ്ങനെതന്നെ തുടരുക. നാരദൻ ഇതു പറഞ്ഞു കഴിഞ്ഞപ്പോൾ, നാരദനും പർവതമുനിയും ആ വേടന്റെ ഗൃഹത്തിൽനിന്നു തിരോധാനം ചെയ്തു. പരിശുദ്ധഭക്തന്മാരുടെ സ്വാധീനത്താൽ ഒരു വേടനു പോലും കൃഷ്ണന്റെ ഭക്തിയുതസേവനത്തിൽ ഏർപ്പെടുവാൻ കഴിയുമെന്നു ഈ കഥ നമുക്കു ബോധ്യപ്പെടുത്തിത്തരുന്നു.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ