
യദ് ദ്വ്യക്ഷരം നാമ ഗിരേരിതം നൃണാം
സകൃത്പ്രസംഗാദഘമാശു ഹന്തി തത്
പവിത്രകീർത്തിം തമലംഘ്യശാസനം
ഭവാനഹോ ദ്വേഷ്ടി ശിവം ശിവേതരഃ.
സതീ തുടർന്നുഃ എൻ്റെ പ്രിയപ്പെട്ട പിതാവേ, ‘ശി’, ‘വ’ എന്നീ സ്വരവ്യഞ്ജനങ്ങളാൽ ഒരുവനെ എല്ലാവിധ പാപങ്ങളും നീക്കി പവിത്രീകരിക്കുന്ന നാമമുളള മഹാദേവനെ ദ്വേഷിക്കുന്നതിലൂടെ മഹാപരാധമാണ് അങ്ങ് ചെയ്യുന്നത്. അദ്ദേഹത്തിൻ്റെ ആജ്ഞ ഒരിക്കലും അവഗണിക്കപ്പെട്ടിട്ടില്ല. മഹാദേവൻ സർവഥാ പരിശുദ്ധനാകുന്നു, അങ്ങേയ്ക്കൊഴിച്ച് മറ്റാർക്കും അദ്ദേഹത്തോട് ശത്രുത പുലർത്താൻ കഴിയില്ല.
ഭാവാർത്ഥം
മഹാദേവൻ ഭൗതികലോകത്തിലെ ജീവസത്തകളിൽ ഏറ്റവും മഹാത്മാവായതിനാൽ ശിവൻ എന്ന അദ്ദേഹത്തിൻ്റെ നാമം, ശരീരത്തെ ആത്മാവായി തിരിച്ചറിയുന്ന വ്യക്തികളെ സംബന്ധിച്ച് വളരെ മംഗളകരമായിരിക്കും. അത്തരം വ്യക്തികൾ മഹാദേവനിൽ ശരണം തേടിയാൽ, തങ്ങൾ ഭൗതിക ശരീരങ്ങളല്ലെന്നും ജീവാത്മാവുകളാണെന്നും ക്രമാനുഗതമായി അവർക്ക് ബോധ്യമാകും. ശുഭം, അഥവാ മംഗളം എന്നാണ് ശിവൻ എന്നാൽ അർഥം. ശരീരത്തിനുള്ളിൽ ആത്മാവ് മംഗളമാകുന്നു. അഹം ബ്രഹ്മാസ്മി: ” ഈ സാക്ഷാത്കാരം മംഗളമാകുന്നു. ആത്മാവാണ് താനെന്ന് സാക്ഷാത്കരിക്കാത്തിടത്തോളം ഒരുവൻ എന്തെല്ലാം അനുഷിഠിച്ചാലും അവയെല്ലാം അമംഗളമാകും. ശിവൻ മംഗളമാകുന്നു, ശിവ ഭക്തന്മാർ ക്രമേണ ആദ്ധ്യാത്മികമായ തിരിച്ചറിവിൻ്റെ വിതാനത്തിലേക്ക് വരുന്നു, പക്ഷേ അതുകൊണ്ട് എല്ലാമായില്ല. ആദ്ധ്യാത്മികമായ തിരിച്ചറിവിൻ്റെ തലത്തിൽ നിന്നാണ് മംഗളകരമായ ജീവിതത്തിന്റെ പ്രാരംഭം. എങ്കിലും വീണ്ടും കർത്തവ്യങ്ങളുണ്ട് – ഒരുവൻ പരമാത്മാവുമായുളള തൻ്റെ ബന്ധം മനസിലാക്കണം. മഹാദേവന്റെ യഥാർഥ ഭക്തനാണെങ്കിൽ ആത്മസാക്ഷാത്കാരത്തിൻ്റെ തലത്തിലേക്ക് വരും, ബുദ്ധിഹീനനാണെങ്കിൽ, ‘ഞാൻ ജീവാത്മാവാകുന്നു’ (അഹം ബ്രഹ്മാസ്മി) എന്ന തരിച്ചറിവിന്റെ അവസ്ഥയിൽ നിന്നുകളയും. ബുദ്ധിയുള്ളവനാണെങ്കിൽ അങ്ങനെ നിൽക്കാതെ ശിവന്റെ പാത തുടരണം. സദാ വാസുദേവൻ്റെ വിചാരങ്ങളിൽ മുഴുകിക്കഴിയുന്നവനാണ് ശിവൻ. മുമ്പ് വിശദമാക്കിയതുപോലെ, സത്ത്വം വിശുദ്ധം വസുദേവ-ശബ്ദംഃ മഹാദേവൻ എല്ലായ്പ്പോഴും വാസുദേവൻ, ശ്രീകൃഷ്ണൻ്റെ പാദപങ്കജങ്ങളുടെ മേൽ ധ്യാനത്തിലായിരിക്കും. അതിനാൽ മഹാദേവൻ്റെ മംഗളാവസ്ഥ സാക്ഷാത്കരിക്കാൻ ഒരുവൻ ഭഗവാൻ വിഷ്ണുവിനെ ആരാധിക്കണം. എന്തുകൊണ്ടെന്നാൽ, ഏറ്റവുംഉന്നതമായ ആരാധന ഭഗവാൻ വിഷ്ണുവിൻ്റെ ആരാധനയാണെന്ന് മഹാദേവൻ തന്നെ ശിവപുരാണത്തിൽ പറഞ്ഞിട്ടുണ്ട്. മഹാദേവൻ ആരാധിക്കപ്പെടുന്നത് അദ്ദേഹം ഭഗവാൻ വിഷ്ണുവിൻ്റെ ഏറ്റവും മഹാനായ ഭക്തനായതുകൊണ്ടാണ്. എന്തുതന്നെയായാലും ഭഗവാൻ വിഷ്ണുവിനെയും മഹാദേവനെയും ഒരേ നിലവാരത്തിൽ പരിഗണിക്കുന്ന പ്രമാദം ആർക്കും സംഭവിക്കരുത്. അതും ഒരു നാസ്തിക ആശയമാണ്. വിഷ്ണു, അഥവാ നാരായണൻ ആകുന്നു, പരമോന്നതനായ പരമദിവ്യോത്തമപരുഷൻ ഭഗവാനെന്നും, മഹാദേവനും. ബ്രഹ്മദേവും ഉൾപ്പെടെ ഒരു ദേവനെയും അദ്ദേഹത്തോട് തുല്യമായി താരതമ്യപ്പെടുത്തരുതെന്നും വൈഷ്ണവീയ പുരാണത്തിലും പറഞ്ഞിട്ടുണ്ട്.
(ശ്രീമദ് ഭാഗവതം 4/4/14 )
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .