
ഇപ്പോഴത്തെ നമ്മുടെ ശരീരത്തിൽ നാം മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത ചില കാര്യങ്ങൾ ചിലപ്പോൾ നമുക്ക് സ്വപ്നങ്ങളിൽ ദൃശ്യമാകും. ചിപ്പോൾ സ്വപ്നത്തിൽ ആകാശത്തിലൂടെ ചിറകടിച്ചു പറന്നു നടക്കുന്നതായി തോന്നിക്കും, പറക്കുന്ന അനുഭവം മുമ്പൊരിക്കലും ഉണ്ടായിട്ടില്ലെങ്കിലും. മനസിൻ്റെ ശേഖരത്തിലുള്ള തോന്നൽ ആകസ്മികമായി പുറത്തു വരുന്നതാണത്. ജലത്തിൻ്റെ അഗാധതയിലെ അന്തഃക്ഷോഭം ചിലപ്പോൾ തിളച്ചുപൊന്തി കുമിളകളായി ജലോപരിതലത്തിൽ പ്രത്യക്ഷമാകുന്നതുപോലുള്ള ഒരനുഭവമാണത്. ചിലപ്പോൾ നമ്മൾ ഈ ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്തതും അനുഭവിച്ചിട്ടില്ലാത്തതുമായ ഒരു സ്ഥലത്തേക്ക് വരുന്നതായി സ്വപ്നത്തിൽ ദൃശ്യമാകും; കഴിഞ്ഞ ജീവിതത്തിൽ നാം ആ സ്ഥലം കാണുകയും അനുഭവിക്കുകയും ചെയ്തിട്ടുണ്ടെന്നതിന് തെളിവാണത്. മനസിനുള്ളിൽ സൂക്ഷിക്കപ്പെടുന്ന തോന്നൽ, അല്ലെങ്കിൽ അവ്യക്തമായ ബോധം ചിലപ്പോൾ സ്വപ്നങ്ങളായും, വിചാരങ്ങളായും ആവിഷ്കരിക്കപ്പെടുന്നു. കഴിഞ്ഞ ജീവിതത്തിലെ നാനാവിധ അനുഭവങ്ങളുടെയും, വിചാരങ്ങളുടെയും സൂക്ഷിപ്പ്ഗൃഹമാണ് മനസെന്ന് ചുരുക്കം. അപ്രകാരം ഒരു ജീവിതം മുതൽ മറ്റൊരു ജീവിതം വരെയുള്ള, കഴിഞ്ഞ ജീവിതങ്ങൾ മുതൽ ഈ ജീവിതം വരെയുള്ള, ഈ ജീവിതം മുതൽ ഭാവി ജീവിതങ്ങൾ വരെയുള്ള തുടർച്ചകളുടെ ഒരു ശ്രംഖല തന്നെയുണ്ട്. ഒരു മനുഷ്യൻ ജന്മനാ കവിയാണ്, ജന്മനാ ശാസ്ത്രജ്ഞനാണ്, അല്ലെങ്കിൽ ജന്മനാ ഭക്തനാണ് തുടങ്ങിയ പ്രയോഗങ്ങൾ ചില സമയങ്ങളിൽ ഇത് തെളിയിക്കുന്നതാണ്. അംബരീഷ മഹാരാജാവിനെപ്പോലെ നമ്മളും ഈ ജീവിതത്തിൽ സദാ കൃഷ്ണനെപ്പറ്റി ചിന്തിക്കുകയാണെങ്കിൽ (സ വൈ മനഃ കൃഷ്ണ-പാദാരവിന്ദയോഃ), തീർച്ചയായും മരണസമയത്ത് ഭഗവദ് ധാമത്തിലേക്ക് മാറ്റപ്പെടും. കൃഷ്ണാവബോധത്തിനുവേണ്ടിയുള്ള നമ്മുടെ ഉദ്യമം സമ്പൂർണമായില്ലെങ്കിൽപ്പോലും, നമ്മുടെ കൃഷ്ണാവബോധം അടുത്ത ജീവിതത്തിലും തുടരും. ഭഗവദ്ഗീത (6.41)യിൽ ഇത് സ്ഥിരീകരിച്ചിട്ടുണ്ട്ഃ
പ്രാപ്യ പുണ്യ-കൃതാം ലോകാൻ ഉഷിത്വാ ശാശ്വതീഃ സമാഃ
ശുചീനാം ശ്രീമതാം ഗേഹേ യോഗ-ഭ്രഷ്ടോ fഭിജായതേ
“പരാജിതനാകുന്ന യോഗി, പുണ്യങ്ങൾ ചെയ്യുന്ന ജീവാത്മാക്കൾക്കായുളള ഉന്നത ലോകങ്ങളിൽ അനേകം സംവത്സരങ്ങൾ ആസ്വദിച്ചു ജീവിച്ചതിനു ശേഷം ധർമനിഷ്ഠയുള്ളവരുടെയോ, യാഥാസ്ഥിതിക ധനികരുടെയോ കുടുംബങ്ങളിൽ പുനർജനിക്കുന്നു.”
കൃഷ്ണനെ ധ്യാനിക്കുന്ന തത്ത്വങ്ങൾ കർശനമായി പാലിക്കുന്ന പക്ഷം നാം നമ്മുടെ അടുത്ത ജീവിതത്തിൽ കൃഷ്ണലോകത്തേക്ക്, ഗോലോകവൃന്ദാവനത്തിലേക്ക് മാറ്റപ്പെടുമെന്ന കാര്യത്തിൽ സംശയം വേണ്ട.
(ശ്രീമദ് ഭാഗവതം 4.29.64 / ഭാഗവതം)