ഉത്ഥാന ഏകാദശി അഥവാ പ്രബോധിനി ഏകാദശിയുടെ മഹിമകൾ സ്കന്ദ പുരാണത്തിൽ ബ്രഹ്മാവും നാരദമുനിയും തമ്മിലുള്ള സംവാദത്തിൽ വിവരിക്കുന്നു.
ഒരിക്കൽ ബ്രഹ്മദേവൻ നാരദ മുനിയോട് പറഞ്ഞു, “അല്ലയോ മുനിമാരിൽ ശ്രേഷ്ഠനായ നാരദമുനീ, സർവ്വപാപ കർമഫലങ്ങൾ ഇല്ലാതാക്കുകയും പുണ്യവും മുക്തിയും പ്രധാനം ചെയ്യുന്നതുമായ ഉത്ഥാന ഏകാദശിയെ കുറിച്ച് ശ്രവിച്ചാലും. ഓ ബ്രാഹ്മണശ്രേഷ്ഠാ സർവ്വ പാപ കർമ്മ ഫലങ്ങളും ഇല്ലാതാക്കുന്ന ഉത്ഥാന ഏകാദശി പ്രകടമാകുന്നതുവരെ മാത്രമേ ഗംഗാനദിക്ക് മേധാവിത്വം പുലർത്തുവാൻ സാധിക്കുകയുള്ളൂ. കാർത്തിക മാസത്തിലെ ശുക്ലപക്ഷത്തിൽ പ്രകടമാകുന്ന ഈ ഏകാദശി സമുദ്രത്തിലോ, പുണ്യ തീർഥങ്ങളിലോ, തടാകങ്ങളിലോ ഉള്ള സ്നാനത്തെക്കാൾ കൂടുതൽ പരിശുദ്ധീകരിക്കുന്നതാണ്. ആയിരം അശ്വമേധവും നൂറ് രാജസൂയ യജ്ഞങ്ങളും നടത്തിയ ഫലം വളരെ എളുപ്പത്തിൽ തന്നെ ഈ ഏകാദശി യിലൂടെ ലഭിക്കുന്നു”.
ബ്രഹ്മദേവന്റെ ഈ വാക്കുകൾ ശ്രവിച്ചതിനുശേഷം നാരദമുനി പറഞ്ഞു, “ഓ പ്രിയപ്പെട്ട പിതാവേ, ഈ ഏകാദശി ദിനത്തിൽ പൂർണമായ ഉപവാസം പാലിക്കുന്നവർക്കും, അത്താഴം മാത്രം കഴിക്കുന്നവർക്കും, മധ്യാഹ്നത്തിൽ ഒരു നേരം മാത്രം ഭക്ഷണം കഴിക്കുന്നവർക്കും ലഭിക്കുന്ന പുണ്യങ്ങളെ കുറിച്ച് വിശദീകരിച്ചാലും”?
ബ്രഹ്മദേവൻ മറുപടി പറഞ്ഞു, “ഈ ഏകാദശി ദിനത്തിൽ ഒരുവൻ മധ്യാഹ്നത്തിൽ ഒരു നേരം ഭക്ഷണം കഴിക്കുകയാണെങ്കിൽ അദ്ദേഹത്തിന്റെ കഴിഞ്ഞ ഒരു ജന്മത്തിലെ പാപങ്ങൾ എല്ലാം ഇല്ലാതാക്കപ്പെടുന്നു. അത്താഴം മാത്രം കഴിക്കുകയാണെങ്കിൽ അദ്ദേഹത്തിന്റെ കഴിഞ്ഞ രണ്ടു ജന്മങ്ങളിലെ പാപങ്ങൾ ഇല്ലാതാവുന്നു. പൂർണ്ണ ഉപവാസം അനുഷ്ഠിക്കുന്ന ഒരു വ്യക്തിയുടെ കഴിഞ്ഞ ഏഴ് ജന്മങ്ങളിലെ പാപങ്ങൾ ഇല്ലാതാവുകയും ചെയ്യുന്നു.”
“പ്രിയ പുത്രാ ഈ ഉത്ഥാന ഏകാദശി മൂന്നു ലോകങ്ങളിൽ ലഭിക്കുവാൻ സാധിക്കാത്ത എല്ലാ അനുഗ്രഹങ്ങളും നൽകുന്നു. മന്ദരപർവ്വതത്തോളം ബൃഹത്തായ എല്ലാ പാപങ്ങളും ഭസ്മമായിത്തീരുന്നു . ഓ മുനി ശ്രേഷ്ഠാ, ഒരുവൻ ഏകാദശി ദിനത്തിൽ പുണ്യം ചെയ്യുകയാണെങ്കിൽ അദ്ദേഹത്തിന് സുമേരു പർവ്വതത്തോളം അതിന്റെ ഫലങ്ങൾ ലഭിക്കുന്നു. ഭഗവാനെ കീർത്തിക്കാതെ തന്റെ പ്രതിജ്ഞയിൽ നിന്നും വ്യതിചലിച്ചവരും, നിരീശ്വരവാദിയും, വേദങ്ങളെ നിന്ദിക്കുന്നതും, ശാസ്ത്രങ്ങളെ അശുദ്ധമാക്കുന്നവനും, മറ്റൊരുവന്റെ ഭാര്യയെ ആസ്വദിക്കുന്നവനുമായ വിഡ്ഢികളുടെ ശരീരത്തിൽ ധർമ്മ തത്വങ്ങൾ നിലകൊള്ളില്ല. ഒരുവൻ പാപകർമ്മങ്ങളിൽ ഏർപ്പെടുവാൻ പാടുള്ളതല്ല. മറിച്ച് പുണ്യ പ്രവർത്തികളിൽ ഏർപ്പെടുകയും വേണം. ഒരുവൻ പുണ്യപ്രവർത്തികളിലേർപ്പെടുകയാണെങ്കിൽ അദ്ദേഹത്തിന്റെ ധർമ്മ തത്വങ്ങൾ ഇല്ലാതാകുന്നില്ല. ഒരുവൻ വിശ്വാസപൂർവ്വം ഉത്ഥാന ഏകാദശി പാലിക്കുകയാണെങ്കിൽ അദ്ദേഹത്തിന്റെ നൂറു ജന്മങ്ങൾ ചെയ്ത പാപ കർമ്മഫലങ്ങൾ ഇല്ലാതാവുന്നു. ഉത്ഥാന ഏകാദശി ദിനത്തിൽ രാത്രി ഉണർന്നിരിക്കുന്ന വ്യക്തിയുടെ പൂർവികരുടെ തലമുറയും, ഭാവി തലമുറയും ഇപ്പോൾ ഉള്ളതുമായ എല്ലാ തലമുറകളും വൈകുണ്ഠത്തിലേക്ക് മടങ്ങുന്നു.
“ഓ നാരദമുനി, കാർത്തിക മാസത്തിലെ ഏകാദശി വ്രതം പാലിക്കാതെയും ഭഗവാൻ വിഷ്ണുവിനെ ആരാധിക്കാതിരിക്കുകയും ചെയ്യുന്ന വ്യക്തിയുടെ എല്ലാ പുണ്യങ്ങളും ഇല്ലാതാവുന്നു. ബ്രാഹ്മണ ശ്രേഷ്ഠാ, ഒരുവൻ ഭഗവാൻ വിഷ്ണുവിനെ കാർത്തിക മാസത്തിൽ തീർച്ചയായും ആരാധിക്കേണ്ടതാണ്. ഈ മാസത്തിൽ സ്വയം പാകം ചെയ്ത ഭക്ഷണം കഴിക്കുന്ന വ്യക്തിക്ക് ചന്ദ്രയാന വ്രതത്തിന് തുല്യമായ ഫലങ്ങൾ ലഭിക്കുന്നു. കാർത്തിക മാസത്തിൽ ഭഗവാൻ വിഷ്ണുവിനെ കുറിച്ച് കീർത്തിക്കുകയും ശ്രവിക്കുകയും ചെയ്യുന്ന ഒരു വ്യക്തിക്ക് നൂറ് പശുക്കളെ ദാനം ചെയ്താൽ ഉള്ള ഫലങ്ങൾ ലഭിക്കുന്നു. ശാസ്ത്രങ്ങൾ പഠിക്കുന്ന വ്യക്തിക്ക് ആയിരം യാഗങ്ങൾ നടത്തിയാലുള്ള ഫലം ലഭിക്കുന്നു. ഏതൊരു വ്യക്തിയാണോ ഭഗവാനെ കുറിച്ചുള്ള വിഷയങ്ങൾ ശ്രവിക്കുകയും ശേഷം തന്റെ കഴിവിനനുസരിച്ച് പ്രഭാഷകന് ദക്ഷിണ നൽകുകയും ചെയ്യുന്നവർ ഭഗവാന്റെ ശാശ്വതമായ ധാമത്തിൽ പ്രവേശിക്കുന്നു.
നാരദമുനി പറഞ്ഞു, “അല്ലയോ ബ്രഹ്മദേവാ ഏകാദശി പാലനത്തിന്റെ നടപടിക്രമങ്ങളെ കുറിച്ച് ദയവായി വിശദീകരിച്ചു നൽകിയാലും.” പിതാമഹൻ ബ്രഹ്മദേവൻ മറുപടി പറഞ്ഞു, ” ഓ ദ്വിജ ശ്രേഷ്ഠാ ഒരുവൻ ബ്രഹ്മ മുഹൂർത്തത്തിൽ ഉണരുകയും, വായ കഴുകി, സ്നാനം ചെയ്തതിനു ശേഷം ഭഗവാൻ കേശവനെ ആരാധിക്കണം. അദ്ദേഹം മന്ത്രം ചൊല്ലിയ ശേഷം ഈ വിധത്തിൽ പ്രതിജ്ഞയെടുക്കണം, ‘ഞാൻ ഏകാദശി ദിനത്തിൽ ഉപവാസം അനുഷ്ഠിച്ച് , ദ്വാദശി ദിനം മാത്രം ഭക്ഷണം കഴിക്കുകയുള്ളൂ, ഓ പുണ്ഡരീകാക്ഷ, ഓ അച്യുതാ, ഞാൻ അങ്ങയിൽ ശരണാഗതി പ്രാപിച്ചിരിക്കുന്നു. ദയവായി എന്നെ സംരക്ഷിച്ചാലും.’
“ഒരുവൻ ഏകാദശി വ്രതം സന്തോഷപൂർവ്വവും ഭക്തിപൂർവ്വവും പാലിക്കേണ്ടതാണ്. രാത്രിയിൽ ഭഗവാൻ വിഷ്ണുവിന് ചാരെ ഉണർന്നിരിക്കേണ്ടതാണ്. രാത്രി ഉണർന്നിരിക്കുമ്പോൾ ഭഗവാന്റെ അതീന്ദ്രിയ ഗുണങ്ങളെക്കുറിച്ച് ശ്രവിക്കുകയും കീർത്തിക്കുകയും വേണം. ഒരുവൻ ഈ ദിനത്തിൽ എല്ലാവിധ ലോഭത്തിൽ നിന്നും മോചിതനായിരിക്കണം. ഈ നിർദേശങ്ങൾ പാലിക്കുന്ന പുണ്യാത്മാക്കൾ പരമപദ പ്രാപ്തി നേടുന്നു.
ബ്രഹ്മദേവൻ തുടർന്നു, “ഭഗവാൻ ജനാർദ്ദനനെ കദംബ പുഷ്പങ്ങൾ കൊണ്ട് ആരാധിക്കുന്ന ഒരു വ്യക്തിക്ക് യമരാജന്റെ വാസ സ്ഥലത്തേക്ക് പോകേണ്ടി വരുന്നില്ല. ഭഗവാൻ ഗരുഡധ്വജൻ അഥവാ ഭഗവാൻ വിഷ്ണുവിനെ കാർത്തിക മാസത്തിൽ പനിനീർ പൂക്കൾ കൊണ്ട് ആരാധിക്കുന്ന വ്യക്തിക്ക് തീർച്ചയായും മുക്തി ലഭിക്കുന്നതാണ്. ഭഗവാനെ ഇലഞ്ഞി, അശോക പുഷ്പം തുടങ്ങിയവയാൽ ആരാധിക്കുന്ന വ്യക്തി സൂര്യനും ചന്ദ്രനും ആകാശത്തിൽ ഉദിക്കുന്നിടത്തോളം കാലം ശോകത്തിൽനിന്നും മോചിതനാവുന്നു. ആരാണോ ദേവന്മാരുടെ നാഥനായ വിഷ്ണുവിനെ മഴക്കാലത്ത് ചെമ്പക പുഷ്പങ്ങളാൽ ആരാധിക്കുന്നത്, അദ്ദേഹത്തിന് ഭൗതിക ലോകത്തിൽ വീണ്ടും ജന്മമെടുക്കേണ്ടതായി വരുന്നില്ല. ആരാണോ ഭഗവാൻ വിഷ്ണുവിന് മഞ്ഞ നിറത്തിലുള്ള കൈത പൂക്കൾ അർപ്പിക്കുന്നത് അദ്ദേഹത്തിന്റെ ദശലക്ഷക്കണക്കിന് വർഷങ്ങളോളമുള്ള കർമ്മഫലങ്ങൾ ഇല്ലാതാവുന്നു. സുഗന്ധം നിറഞ്ഞ ചുവന്ന വർണ്ണത്തോടു കൂടിയ നൂറ് ഇതളുകളുള്ള താമരപ്പൂ ഭഗവാൻ ജഗന്നാഥന് അർപ്പിക്കുന്ന ഒരു വ്യക്തി ഭഗവാന്റെ ധാമമായ ശ്വേത ദ്വീപിലേക്ക് എത്തിച്ചേരുന്നു.
“അല്ലയോ ബ്രാഹ്മണ ശ്രേഷ്ഠാ! ഏകാദശി ദിവസം രാത്രിയിൽ ഒരുവൻ ഉണർന്നിരിക്കണം. ദ്വാദശി ദിനം ഭഗവാൻ വിഷ്ണുവിനെ ആരാധിച്ചു ബ്രാഹ്മണർക്ക് അന്നദാനം നൽകി കൊണ്ട് വ്രതം പൂർത്തീകരിക്കണം.”
കഴിവിനനുസരിച്ച് ആദ്ധ്യാത്മിക ഗുരുവിനെ ആരാധിക്കുകയും അദ്ദേഹത്തിന് ദാനം നൽകുകയും ചെയ്യുന്ന വ്യക്തിയിൽ ഭഗവാൻ സംപ്രീതനാകുന്നു.
🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ