ശ്രീ ജീവ ഗോസ്വാമിയാൽ രചിക്കപ്പെട്ട ഭക്തി സന്ദർഭത്തിൽ, സ്കന്ദപുരാണത്തിൽ നിന്നുള്ള ഒരു ഉദ്ധരണി ഉണ്ട് . ഏകാദശി ദിവസം ധാന്യങ്ങൾ ആഹരിക്കുന്ന ഒരുവൻ മാതൃ-പിതൃ – ഭ്രാതൃ – ഗുരു ഘാതാവായി തീരുന്നുവെന്ന് ഇത് താക്കീത് നൽകുന്നു. അത്തരത്തിലൊരുവൻ വൈകുണ്ഠത്തിലേക്ക് ഉയർത്തപ്പെട്ടാലും വീണ്ടും അധഃപതിക്കുന്നു. ഏകാദശി ദിവസത്തിൽ ധാന്യങ്ങളും പയറുവർഗങ്ങളും ഉൾപ്പെടെ എല്ലാം ഭഗവാൻ വിഷ്ണുവിന് നിവേദിക്കുന്നു .എന്നാൽ അന്നേ ദിവസം ഇപ്രകാരമുള്ള വിഷ്ണു പ്രസാദം പോലും വൈഷ്ണവർ സ്വീകരിക്കരുതെന്ന് നിഷ്കർഷിക്കപ്പെട്ടിരിക്കുന്നു. ഒരു വൈഷ്ണവൻ ഭഗവാൻ വിഷ്ണുവിന് നിവേദിക്കാത്ത ഒന്നും തന്നെ ആഹരിക്കുകയില്ല. എന്നാൽ ഏകാദശി ദിവസം ഭഗവാൻ വിഷ്ണുവിന് നിവേദിച്ച മഹാപ്രസാദം സ്പർശിക്കാൻ പോലും പാടുള്ളതല്ല . എന്നാൽ ആ മഹാപ്രസാദം സൂക്ഷിച്ചുവച്ച് അടുത്ത നാൾ കഴിക്കാവുന്നതാണ്. ഏകാദശി ദിവസം ഒരു തരത്തിലുള്ള ധാന്യങ്ങളും, അത് വിഷ്ണു ഭഗവാന് നിവേദിച്ചതാണെങ്കിൽ തന്നെയും, സ്വീകരിക്കുന്നത് കർശനമായി വിലക്കപ്പെട്ടിരിക്കുന്നു.