
കൃഷ്ണനാമ മഹാമന്ത്രേര എയ് ത’ സ്വഭാവ
യെയ് ജപേ, താര കൃഷ്ണ ഉപജയേ ഭാവ
വിവർത്തനം
ജപിക്കുന്ന ഏതൊരാളെയും കൃഷ്ണപ്രേമത്തിൻ്റെ ആദ്ധ്യാത്മി കോന്മാദത്തിൽ കൊണ്ടെത്തിക്കുക എന്നത് ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ സ്വഭാവവിശേഷമാണ്.
ഭാവാർത്ഥം
ഹരേ കൃഷ്ണ മന്ത്രം ജപിക്കുന്ന ഒരു വ്യക്തിയിൽ ഭാവം അഥവാ ആധ്യാത്മിക ഹർഷോന്മാദം വികസിക്കുന്നുവെന്ന് ഈ ശ്ലോകം വിവരിക്കുന്നു. ഇത് ഭഗവാനിൽനിന്നും നേരിട്ടു ലഭിക്കുന്ന വെളിപ്പാടിൻ്റെ ആദ്യഘട്ടമാണ്. ഒരുവനിലുള്ള മൗലികമായ ഭഗവദ്പ്രേമവികാസത്തിൻ്റെ ആദ്യപടിയാണിത്. ഈ ഭാവാവസ്ഥയെ ശ്രീകൃഷ്ണഭഗവാൻ ഭഗവദ്ഗീതയിൽ (10.8) ഇപ്രകാരം വിവരിക്കുന്നു:
അഹം സർവസ്യ പ്രഭവോ മത്ത സർവം പ്രവർതതേ
ഇതി മത്വാ ഭജന്തേ മാം ബുധാ ഭാവസമന്വിതാഃ
“ഭൗതികാധ്യാത്മിക ലോകങ്ങളുടെ ഉറവിടം ഞാനാണ്. എല്ലാം എന്നിൽ നിന്നാണുദ്ഭവിക്കുന്നത്. ഇത് പൂർണമായി മനസിലാക്കിയ വിവേകശാലികൾ എന്റെ സേവനത്തിലേർപ്പെടുകയും എന്നെ ഉളഴിഞ്ഞാരാധിക്കുകയും ചെയ്യുന്നു.” നവാഗതനായ ഒരു ഭക്തൻ ശ്രവണം, കീർത്തനം, സത്സംഗം, യമനിയമങ്ങളുടെ അനുഷ്ഠാനം എന്നിവയിൽ തുടങ്ങി തദ്വാരാ അനാവശ്യമായ ദുർവാസനകളെ ഇല്ലാതാക്കുന്നു. ഇപ്രകാരം അവന് കൃഷ്ണനിൽ ആസക്തി വളരുകയും ക്ഷണനേരം പോലും കൃഷ്ണനെ വിസ്മരിക്കാൻ കഴിയാതെ വരികയും ചെയ്യുന്നു. ഈ ഭാവാ വസ്ഥയെ ആധ്യാത്മിക ജീവിതത്തിലെ പൂർണവിജയത്തിന് തൊട്ടുമുൻ പുളള ഘട്ടമെന്ന് പറയാം.
ആത്മാർത്ഥതയുള്ള ഒരു വിദ്യാർത്ഥി ഗുരുമുഖത്തു നിന്ന് ഹരിനാ മവും, പിന്നീട് ദീക്ഷ സ്വീകരിക്കുകയും ഗുരുദത്തമായ യമനിയമങ്ങൾ അനുസരിക്കുകയും ചെയ്യുന്നു. തിരുനാമങ്ങളെ ഇപ്രകാരം ഉചിതമായി സേവിക്കുമ്പോൾ തിരുനാമത്തിൻ്റെ ആധ്യാത്മിക സ്വാഭാവം സ്വയം പ്രകടമായി വ്യാപിക്കുന്നു, മറ്റൊരുവിധത്തിൽ പറഞ്ഞാൽ അപരാധമന്യേ തിരുനാമം ജപിക്കുവാൻ ഭക്തൻ യോഗ്യനായിത്തീരുന്നു. അപരാധമന്യേ തിരുനാമം ജപിക്കുവാൻ പൂർണമായും പ്രാപ്തനാകുമ്പോൾ ആ വ്യക്തി ലോകം മുഴുവൻ ശിഷ്യൻമാരുണ്ടാക്കുവാൻ അഥവാ ജഗദ്ഗുരുവാകുവാൻ അർഹനാകുന്നു. ഇത്തരം ഒരു ഭക്തൻ്റെ സ്വാധീനത്താൽ സമസ്ത ലോകവും തിരുനാമങ്ങൾ ജപിക്കുവാൻ തുടങ്ങുന്നു. ഇപ്രകാരം ഇത്തരമൊരു ആത്മീയഗുരുവിൻ്റെ ശിഷ്യൻമാർക്ക് കൃഷ്ണനിലുളള ആസക്തി വർദ്ധമാനമാകുകയും തത്ഫലമായി ചിലപ്പോൾ കരയുകയും, ചിലപ്പോൾ ചിരിക്കുകയും, ചിലപ്പോൾ പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്നു. ഒരു പരിശുദ്ധ ഭക്തനിൽ ഇത്തരം ലക്ഷണങ്ങൾ വ്യക്തമായും പ്രകടമാകുന്നു. ചിലപ്പോൾ നമ്മുടെ കൃഷ്ണാവബോധ പ്രസ്ഥാനത്തിലെ വിദ്യാർത്ഥികൾ പാടുകയും ആനന്ദനൃത്തമാടുകയും ചെയ്യുമ്പോൾ, ഈ വിദേശികൾ ഇത് എങ്ങനെ പഠിച്ചുവെന്ന് ഭാരതീയർപോലും വിസ്മയിക്കാറുണ്ട് ശ്രീചൈതന്യമഹാപ്രഭു വിവരിക്കുന്നതനുസരിച്ച് ഇത് യഥാർത്ഥത്തിൽ പരിശീലനം കൊണ്ടല്ല, ആത്മാർത്ഥമായി ഹരേ കൃഷ്ണ മഹാമന്ത്രം ജപിക്കുന്ന ഏതൊരു വ്യക്തിയിലും പരിശ്രമം കൂടാതെ ഈ ലക്ഷണങ്ങൾ പ്രകടമാകും എന്നതാണ്.
അല്പബുദ്ധികളായ ആളുകൾ ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അതീന്ദ്രിയസ്വഭാവം മനസിലാക്കാതെ ചിലപ്പോൾ ഞങ്ങളുടെ ഉച്ചത്തിലുളള സങ്കീർത്തനത്തിന് വിഘാതങ്ങൾ സൃഷ്ടിക്കാറുണ്ട്. എന്നാലും ഹരേകൃഷ്ണ മഹാമന്ത്രകീർത്തനത്തിൻ്റെ അനുഭവത്തിൽ യഥാർത്ഥമായ ഉന്നതി നേടിയ ഭക്തന്മാർ സ്വാഭാവികമായി മറ്റുള്ളവരേയും നാമജപത്തിന് പ്രേരിപ്പിക്കുന്നു. കൃഷ്ണദാസ കവിരാജ ഗോസ്വാമി ഇപ്രകാരം വിവരിക്കുന്നു, കൃഷ്ണശക്തി വിനാ നഹേ താര പ്രവർതന: ഭഗവാനാൽ പ്രത്യേകം അധികാരപ്പെടുത്തപ്പെട്ട ഒരു ഭക്തനു മാത്രമേ ഹരേ കൃഷ്ണ മഹാമന്ത്രത്തിൻ്റെ മഹിമാനങ്ങൾ പ്രചരിപ്പിക്കുവാൻ കഴിയുകയുള്ളൂ. ഭക്തൻമാർ ‘ഹരേ കൃഷ്ണ’ മഹാമന്ത്രം പ്രചരിപ്പിക്കവേ, ലോകമാകമാനമുളള പൊതുജനങ്ങൾക്കും തിരുനാമ മഹിമ മനസ്സിലാക്കാനുളള അവസരം സ്വാഭാവികമായി ലഭിക്കുന്നു. തിരുനാമ ജപ-ശ്രവണ-നൃത്താദി കളിലൂടെ ഭഗവാനെ സ്മരിക്കുവാനിടവരുന്നു. ഭഗവാനും അവിടുത്തെ തിരുനാമവും അഭിന്നമാകയാൽ ജപിക്കുന്ന വ്യക്തി ഭഗവാനുമായി ഉടനടി ബന്ധപ്പെടുന്നു. ഇപ്രകാരം ബന്ധം സ്ഥാപിച്ചു കഴിഞ്ഞാൽ ഭക്തനിലുളള മൗലികമായ ഭഗവദ്സേവന മനോഭാവം വികസിക്കുന്നു. കൃഷ്ണനെ നിരന്തരം സേവിക്കുന്ന ‘ഭാവം’ എന്ന ഈ അവസ്ഥയിൽ ഭക്തൻ എല്ലായിപ്പോഴും വിവിധ രീതികളിൽ കൃഷ്ണനെ സ്മരിക്കുന്നു. ഈ ഭാവാവസ്ഥയിലെത്തിയ ഒരു ഭക്തൻ മായാശക്തിക്ക് വിധേയനാകുന്നില്ല. ഭാവത്തിൻ്റെ മറ്റ് ആത്മീയ ലക്ഷണങ്ങളായ ശരീരപ്രകമ്പനം, സ്വേദനം (വിയർക്കൽ), അശുക്കൾ എന്നിവയും കൂടിച്ചേരുമ്പോൾ ഒരു ഭക്തന് ക്രമേണ കൃഷ്ണ പ്രേമം ലഭ്യമാകുന്നു.
കൃഷ്ണൻ്റെ തിരുനാമത്തെ മഹാമന്ത്രം എന്നു വിളിക്കുന്നു. നാരദ പഞ്ചരാത്രത്തിൽ വിവരിക്കുന്ന മറ്റ് മന്ത്രങ്ങളെ മന്ത്രം എന്ന് മാത്രമാണ് വിളിക്കുന്നത്. എന്നാൽ കൃഷ്ണൻ്റെ തിരുനാമജപത്തെ മഹാമന്ത്രമെന്ന് വിളിക്കുന്നു.
(ശ്രീ ചൈതന്യ ചരിതാമൃതം / ആദി-ലീല 7.83 ഭാവാർത്ഥം)