എന്നിൽ പൂർണ വിശ്വാസത്തോടെയുള്ള കലർപ്പില്ലാത്ത ഭക്തിയുതസേവനം പരിശീലിക്കുന്നതിലൂടെ മാത്രമേ ഒരുവന് ഭഗവാനായ എന്നെ നേടുവാൻ കഴിയൂ. എന്നെ അവരുടെ സ്നേഹം നിറഞ്ഞ സേവനത്തിന്റെഏക ലക്ഷ്യമായി സ്വീകരിക്കുന്ന എന്റെ ഭക്തന്മാർക്ക് ഞാൻ സ്വാഭാവികമായി പ്രിയങ്കരനാണ്. അത്തരം പരിശുദ്ധ ഭക്തിയുതസേവനത്തിൽ മുഴുകുന്നതിലൂടെ നായ് മാംസം ഭക്ഷിക്കുന്നവർക്ക് പോലും അവരുടെ അധമജന്മത്തിന്റെ മാലിന്യത്തിൽനിന്ന് സ്വയം ശുദ്ധീകരിക്കാൻ കഴിയും.
ഭാവാർത്ഥം
സംഭവാത് എന്ന വാക്ക്, ജാതി-ദോഷാത്, അഥവാ അധമ ജന്മത്തിന്റെ മാലിന്യത്തെ സൂചിപ്പിക്കുന്നു. ജാതിദോഷം ഒരുവന്റെ ഭൗതികമായ, സാമൂഹികമോ, സാമ്പത്തികമോ, തൊഴിൽപരമോ ആയ അന്തസ്സിനെയല്ല പ്രതിപാദിക്കുന്നത്, മറിച്ച്, ഒരുവന്റെ ആധ്യാത്മികമായ ഉണർവിന്റെ നിലവാരത്തെയാണ്, ലോകത്തിലുടനീളം ധാരാളം ജനങ്ങൾ സമ്പന്നവും പ്രബലവുമായ കുടുംബങ്ങളിൽ ജനിക്കുന്നുണ്ട്; പക്ഷേ അവർ പൊതുവെ അവരുടെ കുടുംബ പാരമ്പര്യമെന്ന്പറയപ്പെടുന്നതിന്റെ ഭാഗമായ നീച ഗുണങ്ങൾ ആർജിക്കുന്നു. എന്നാൽ, ജന്മം മുതൽ പാപകർമങ്ങളിൽ മുഴുകാൻപഠിപ്പിക്കപ്പെടുന്ന നിർഭാഗ്യവാന്മാരായ വ്യക്തികൾക്കുപോലും, പരിശുദ്ധമായ ഭക്തിയുതസേവനത്തിന്റെ ശക്തിയാൽ തൽക്ഷണം ശുദ്ധീകരിക്കപ്പെടാൻ കഴിയും. അത്തരം സേവനം കൃഷ്ണഭഗവാനെ മാത്രം ലക്ഷ്യമാക്കിയുളളതാവണം (മൻ-നിഷ്ഠ), പൂർണമായ വിശ്വാസത്തോടെ നിർവഹിക്കണം (ശ്രദ്ധയാ), അത് കലർപ്പറ്റത്, അഥവാ സ്വാർഥ താത്പര്യമില്ലാത്തത് ആയിരിക്കണം (ഏകയാ).
(ശ്രീമദ് ഭാഗവതം.11.14.21)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ