
ആരംഭത്തിൽ വ്യക്തമായ അവബോധത്തിൽ നിന്ന്, അഥവാ പരിശുദ്ധമായ കൃഷ്ണാവബോധ തലത്തിൽ നിന്ന് ആദ്യത്തെ കളങ്കം കുതിച്ചു ചാടി. ഇതിനെ മിത്ഥ്യാഹങ്കാരം, അല്ലെങ്കിൽ ശരീരത്തെ ആത്മാവായു തെറ്റായ തിരിച്ചറിയൽ എന്നുവിളിക്കപ്പെടുന്നു. ജീവസത്ത സ്വാഭാവികമായും കൃഷ്ണാവബോധത്തിലാണ് നിലനിൽക്കുന്നതെങ്കിലും അവന് നാമമാത്രമായ സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിട്ടുണ്ട്. ഈ നാമമാത്രമായ സ്വാതന്ത്ര്യം അവന് കൃഷ്ണനെ വിസ്മരിക്കുവാൻ വഴിയൊരുക്കുന്നു. യഥാർത്ഥത്തിൽ പരിശുദ്ധമായ കൃഷ്ണാവബോധത്തിൽ അസ്തിത്വമുണ്ടെങ്കിലും നാമമാത്രമായ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നതുമൂലമാണ് കൃഷ്ണനെ വിസ്മരിക്കുവാൻ അവസരമുണ്ടാകുന്നത്. യഥാർത്ഥ ജീവിതത്തിൽ ഇത് പ്രകടമാണ്; കൃഷ്ണാവബോധത്തിൽ പ്രവർത്തിക്കുന്നവർ വളരെപ്പെട്ടെന്ന് മാറിപ്പോകുന്ന ധാരാളം സംഭവങ്ങളുണ്ട്. അതിനാൽ ആദ്ധ്യാത്മിക സാക്ഷാത്കാരത്തിന്റെ പാതയെ ഉപനിഷത്തുകൾ മൂർച്ചയേറിയ ക്ഷൗരക്കത്തിയോട് ഉപമിച്ചിരിക്കുന്നു. ഉദാഹരണം വളരെ ഉചിതമാണ്. മൂർച്ചയുളള ക്ഷൗരക്കത്തികൊണ്ട് മനോഹരമായി ക്ഷൗരം ചെയ്യുന്നതിനിടയിൽ ശ്രദ്ധ പതറി കൈ തെറ്റിയാൽ കവിൾ മുറിയും.
ഒരുവൻ നിർബന്ധമായും പരിശുദ്ധമായ കൃഷ്ണാവബോധത്തിലേക്ക് വന്നാൽ മാത്രം പോര, അവൻ നിർബന്ധമായും വളരെ ശ്രദ്ധയുളളവനുമായിരിക്കണം, ഏതുവിധത്തിലുളള അശ്രദ്ധയും ഉദാസീനതയും പതനത്തിന് കാരണമാകും. മിത്ഥ്യാഹങ്കാരം നിമിത്തമാണ് പതനം സംഭവിക്കുന്നത്. പരിശുദ്ധമായ കൃഷ്ണാവബോധത്തിന്റെ തലത്തിൽ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നതുമൂലമാണ് മിത്ഥ്യാഹങ്കാരം ജനിക്കുന്നത്. പരിശുദ്ധമായ അവബോധത്തിൽ നിന്ന് മിത്ഥ്യാഹങ്കാരം ജനിക്കുന്നത്. എന്തുകൊണ്ടാണെന്ന കാര്യത്തിൽ നമുക്ക് വാദപ്രതിവാദം ചെയ്യാനാവില്ല. ഇതു സംഭവിക്കാൻ എല്ലായ്പ്പോഴും സാധ്യതയുള്ളതാനാൽ ഓരോരുത്തരും ശ്രദ്ധാലുക്കളായിരിക്കണമെന്നതാണ് വാസ്തവം. ഭൗതികപ്രകൃതിയുടെ പ്രവർത്തനരീതിയിൽ നിർവഹിക്കപ്പെടുന്ന മിത്ഥ്യാഹങ്കാരം സർവ ഭൗതികകർമങ്ങളുടെയും അടിസ്ഥാന തത്ത്വമാകുന്നു. ഒരു വ്യക്തി കൃഷ്ണാവബോധത്തിൽ നിന്നു വ്യതിചലിച്ചാലുടൻ ഭൗതിക പ്രതിപ്രവർത്തനങ്ങളിലെ അയാളുടെ കുരുക്കുകൾ കൂടുതൻ മുറുകുന്നു. ഭൗതികമായ മനസാണ് ഭൗതികതയുടെ കുരുക്കുകൾ. ഈ മനസിൽ നിന്ന് ഭൗതികേന്ദ്രിയങ്ങളും ഭൗതികാവയവങ്ങളും ആവിഷ്കൃതമാകുന്നു.
(ശ്രീമദ് ഭാഗവതം 3/26/24/ഭാവാർത്ഥം )